സോളാര്‍ പീഡന പരാതിയില്‍ മുന്‍ മുഖ്യമന്ത്രിക്ക് ക്രൈംബ്രാഞ്ചിന്റെ ക്ലീന്‍ചിറ്റ്; ആ ദിവസം ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസില്‍ ഉണ്ടായിരുന്നില്ല

Breaking Keralam News Politics

തിരുവനന്തപുരം: സോളാര്‍ പീഡന പരാതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവില്ലെന്ന് ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട്. അന്വേഷണ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറി കേന്ദ്രസര്‍ക്കാറിന് അയച്ചു. കേസ് സിബിഐ അന്വേഷണത്തിന് വിട്ടതിന്റെ ഭാഗമായാണ് റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാറിന് അയച്ചത്. സംഭവം നടന്നെന്ന് പരാതിക്കാരി പറഞ്ഞ ദിവസം ഉമ്മന്‍ചാണ്ടി ക്ലിഫ്ഹൗസില്‍ ഉണ്ടായിരുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പരാതിക്കാരിയും ക്ലിഫ് ഹൗസില്‍ എത്തിയിട്ടില്ല. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരെയും പേഴ്സണല്‍ സ്റ്റാഫിനെയും ഇക്കാര്യത്തില്‍ ചോദ്യം ചെയ്തിരുന്നു. ഏഴു വര്‍ഷം കഴിഞ്ഞതിനാല്‍ ടെലിഫോണ്‍ രേഖകള്‍ കിട്ടിയില്ല. പരാതിക്കാരിയുടെ ഡ്രൈവര്‍മാരുടെയും മൊഴിയെടുത്തിരുന്നു.

സത്യം പുറത്തു വന്നെന്ന് ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. വേട്ടയാടിയവര്‍ക്ക് മനഃസാക്ഷിക്കുത്തുണ്ടാകും. അരെയും പേരെടുത്തു പറയുന്നില്ല. രാഷ്ട്രീയ ലക്ഷ്യത്തോടെ മാത്രം എടുത്ത കേസ് തന്നെ അവഹേളിക്കാനാണ് നീട്ടിക്കൊണ്ടു പോയത്. സര്‍ക്കാര്‍ രേഖകളില്‍ നിന്ന് തന്നെ ആ വിവരം പുറത്തുവന്നതില്‍ സന്തോഷമുണ്ട്. തെളിവുകള്‍ ഉണ്ടെങ്കില്‍ കേരള പൊലീസിന് കേസെടുക്കാമായിരുന്നല്ലോ? എന്തൊക്കെ പ്രചാരണങ്ങള്‍ ഉണ്ടായാലും സത്യം ജനങ്ങള്‍ക്ക് അറിയാം- ഉമ്മന്‍ചാണ്ടി പറഞ്ഞു. 2018ലാണ് സോളാര്‍ പീഡനക്കേസിലെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. ക്ലിഫ് ഹൗസില്‍ വച്ച് 2012 സെപ്തംബര്‍ 19ന് ഉമ്മന്‍ചാണ്ടി പീഡിപ്പിച്ചു എന്നായിരുന്നു പരാതി.

Leave a Reply

Your email address will not be published. Required fields are marked *