പാലയുടെ മാണിക്യമായി മാണി സി കാപ്പന്‍

Breaking News Politics

പാല: ജോസ് കെ. മാണിയെ കൈവിട്ട് പാല. പാലായില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന് ലീഡ്.
മണ്ഡല രൂപീകരണത്തിനു ശേഷം ആദ്യമായാണ് പാലാ നിയോജക മണ്ഡലം കെ.എം മാണിയില്ലാതെ ഒരു തെരഞ്ഞെടുപ്പിനെ ഉപതെരഞ്ഞെടുപ്പില്‍ നേരിട്ടത്. അമ്പതു വര്‍ഷത്തിലേറെ പാലാ അടക്കിവാണ മാണിയുടെ മരണത്തോടെയാണ് മണ്ഡലത്തിന് അദ്ദേഹമില്ലാതൊരു തെരഞ്ഞെടുപ്പിനെ നേരിടേണ്ടിവരുന്നത്. മൂന്നു തവണയാണു മുന്‍പ് മാണി സി. കാപ്പന്‍ കെ.എം മാണിയെ നേരിട്ടത്. അന്നൊക്കെയും മാണിയോടൊപ്പം വിജയം നിന്നു. എന്നാല്‍ 2016ല്‍ മാണിയുടെ ഭൂരിപക്ഷം 4703 ആക്കി കുറയ്ക്കാന്‍ കാപ്പനു കഴിഞ്ഞിരുന്നു. മാണി കളം ഒഴിഞ്ഞപ്പോള്‍ മാണി സി കാപ്പന് വിജയം. അങ്ങനെ പാലാ മാണി സി കാപ്പന്റേതായി. ചരിത്ര വിജയം നേടിയിട്ടും ഇടതുപക്ഷം മാണി സി കാപ്പനെ കണ്ടില്ലെന്ന് നടിച്ചു. മാണിയുടെ മകന്‍ ജോസ് കെ മാണിയെ മുന്നണിയിലേക്ക് കൊണ്ടു വന്ന് പിണറായി വിജയന്‍ പാലായിലെ സ്ഥാനാര്‍ത്ഥിയാക്കി. കലിപ്പ് കാട്ടി മാണി സി കാപ്പന്‍ കോണ്‍ഗ്രസ് മുന്നണിയില്‍ എത്തി. അത് വെറുതെയായില്ല.

പാലായിലെ മാണിക്യം താന്‍ തന്നെയെന്ന് വ്യക്തമാക്കി ജോസ് കെ മാണിയെ മാണി സി കാപ്പന്‍ മലര്‍ത്തിയിച്ചു. പാലായിലെ മാണിക്യം താനാണെന്ന് തെളിയിക്കും. ഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വലിയ വിജയം നേടുമ്പോഴും ജോസ് കെ മാണിക്ക് പാലായില്‍ ജയിക്കാനാകുന്നില്ല. കേരളാ കോണ്‍ഗ്രസ് എമ്മിന്റെ വോട്ടുകള്‍ കോട്ടയത്തും എറണാകുളത്തും ഇടുക്കിയിലും പത്തനംതിട്ടയിലും കോണ്‍ഗ്രസിന് വമ്പന്‍ വിജയം നല്‍കി. എന്നാല്‍ പാലായില്‍ അതൊന്നും പ്രതിഫലിച്ചില്ല. ഇടതു തരംഗത്തിലും പാലാ കാട്ടിയത് മാണി സി കാപ്പനോടുള്ള സ്നേഹം മാത്രം. ഇടത് മേഖലയില്‍ പോലും മാണി സി കാപ്പനായിരുന്നു മുന്‍തൂക്കം.

ഉപതെരഞ്ഞെടുപ്പിലും എല്ലാ പ്രവചനങ്ങളെയും തള്ളിക്കൊണ്ടാണ് മാണി സി കാപ്പന്റെ വിജയം. മിക്ക അഭിപ്രായ സര്‍വേകളും പ്രവചിച്ചത് ജോസ് ടോമിന്റെ വിജയമായിരുന്നു. അവിടെ നിന്നാണ് കാപ്പന്‍ രാഷ്ട്രീയത്തിലെ പുതിയ താരോദയമായി മാറിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്നു ദിവസം പാലായില്‍ താമസിച്ച് പ്രചാരണം നടത്തിയതിന്റെയും മുഴുവന്‍ മന്ത്രിമാരും നേതാക്കളും കുടുംബയോഗങ്ങളില്‍ പങ്കെടുത്തതിന്റെയും മികവില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി ജയിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ പാലായിലെ രണ്ടാം വിജയത്തില്‍ മാണി സി കാപ്പന്‍ വലതു പക്ഷത്താണ്. ഇതോടെ പാലായില്‍ ഉപതെരഞ്ഞെടുപ്പിലും താരമായത് മാണി സി കാപ്പന്റെ വ്യക്തിമികവാണെന്ന് വ്യക്തമാകുകയാണ്.

സിനിമാ നിര്‍മ്മാതാവും സംവിധായകനും അഭിനേതാവും രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്നു ഉപതെരഞ്ഞെടുപ്പ് വരെ മാണി സി. കാപ്പന്‍. ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് പാലായുടെ എംഎല്‍എയായി. കെ എം മാണിയോട് എന്നും തോല്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ട രാഷ്ട്രീയ ജീവിതമായിരുന്നു ഒരു കാലത്ത് മാണി സി കാപ്പന്റേത്. തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമാണ് മാണി സി കാപ്പന്റേത്. വോളിബോളിലും സിനിമയിലും കാപ്പന്‍ അരങ്ങേറ്റത്തില്‍ തന്നെ വിജയം നേടി. എന്നാല്‍ കെ എം മാണിയുടെ സാന്നിധ്യം പാലായിലെ രാഷ്ട്രീയം മാണി സി കാപ്പനെ തുണച്ചില്ല. പക്ഷേ ബിജെപിക്കാരനായ ഒ രാജഗോപാലിന് കേരള രാഷ്ട്രീയത്തില്‍ കിട്ടിയ തോല്‍വിയിലെ രക്തസാക്ഷി പരിവേഷം മാണി സാ കാപ്പനുണ്ടായിരുന്നു. എന്നും വോട്ട് ചെയ്യാതെ തോല്‍പ്പിച്ചവര്‍ പോലും മാണിയുടെ മരണ ശേഷം മാണി സി കാപ്പന് വോട്ട് ചെയ്തു. അങ്ങനെ നിമയസഭയിലേക്ക് രണ്ടാംമൂഴം.

പാലാ സ്വദേശിയായ മാണി സി കാപ്പന്‍ എന്‍.സി.പി. സംസ്ഥാന ട്രഷററാണ്. രാജ്യാന്തര വോളിബോള്‍ താരം കൂടിയായ മാണി സി. കാപ്പന്‍ 25-ഓളം ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 1956 മെയ് 30 ന് കോട്ടയം ജില്ലയിലെ പാലായില്‍ കാപ്പില്‍ കുടുംബത്തില്‍ ചെറിയാന്‍ ജെ കാപ്പന്റെയും ത്രേസിയാമ്മയുടെയും പതിനൊന്നു മക്കളില്‍ ഏഴാമത്തെ മകനായി ജനനം. അച്ഛന്‍ ചെറിയാന്‍ ജെ കാപ്പന്‍ സ്വന്തന്ത്ര്യ സമരസേനാനി, അഭിഭാഷകന്‍, ലോക്സഭാ അംഗം, നിയമസഭ അംഗം, പാലാ മുന്‍സിപ്പല്‍ ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ച വ്യക്തിയാണ്. ഈ കുടുംബ പാരമ്പര്യവുമായാണ് മാണി സി കാപ്പനും രാഷ്ട്രീയത്തിലെത്തുന്നത്. വോളിബോള്‍ കളിക്കാരന്‍, സിനിമ നിര്‍മ്മാതാവ്, സംവിധായകന്‍, തിരക്കഥാകൃത്ത്, നടന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ കാപ്പന്‍ തിളങ്ങി.

കോണ്‍ഗ്രസ് എസ് സംസ്ഥാന ട്രഷറര്‍, പാലാ മുന്‍സിപ്പല്‍ കൗണ്‍സിലര്‍, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി(എന്‍സിപി)യുടെ സംസ്ഥാന ട്രഷറര്‍, ദേശീയ വര്‍ക്കിങ് കമ്മിറ്റി അംഗം. പാലാ സെന്റെ മേരീസ് എല്‍പി സ്‌കൂള്‍, പാലാ സെന്റെ തോമസ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നാണ് മാണി സി കാപ്പന്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലും മടപ്പള്ളി സര്‍ക്കാര്‍ കോളേജിലുമായിരുന്നു കലാലയ ജീവിതം. പഠനത്തില്‍ ഒരു ശരാശരി വിദ്യാര്‍ത്ഥി മാത്രമായിരുന്ന കാപ്പന്റെ താല്പര്യം കായിക രംഗത്തായിരുന്നു.ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എംഎം ജോസഫ് മെമോറിയല്‍ ആള്‍ ഇന്ത്യ വോളിബോള്‍ ടൂര്‍ണമെന്റ് പാലായില്‍ നടന്നപ്പോള്‍ അതില്‍ ആകൃഷ്ടനായ മാണി സി കാപ്പനില്‍ പിന്നീട് വോളിബോള്‍ താരമായി.

കോളേജ് വിദ്യാഭ്യാസ കാലഘട്ടത്തില്‍ കേരള സംസ്ഥാന വോളിബോള്‍ ടീമില്‍ നാല് വര്‍ഷത്തോളം അംഗമായിരുന്നു. തുടര്‍ന്ന് നാല് വര്‍ഷക്കാലം കാലിക്കറ്റ് സര്‍വകലാശാല ടീം ക്യാപ്റ്റന്‍ എന്ന നിലയില്‍ കാഴ്ചവെച്ച പ്രകടനം അദ്ദേഹത്തെ കേരള സംസ്ഥാന വൈദ്യതി ബോര്‍ഡിന്റെ വോളിബോള്‍ ടീമിലെത്തിച്ചു. പ്രൊഫഷണല്‍ സ്പോര്‍ട്സില്‍ ഒരു വര്‍ഷം കഴിഞ്ഞ് 1978ല്‍ അബുദാബി സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ കളിക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചു. അന്തരിച്ച ഇതിഹാസ തരാം ജിമ്മി ജോര്‍ജിനൊപ്പം അബുദാബി സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ കളിക്കുവാന്‍ സാധിച്ച ചുരുക്കം ചില മലയാളികളില്‍ ഒരാളാണ് മാണി സി കാപ്പന്‍. . നാലു വര്‍ഷം കഴിഞ്ഞപ്പോള്‍ അദ്ദേഹം നാട്ടിലേക്ക് തിരികെയെത്തി സിനിമ രംഗത്തേക്ക് തിരിഞ്ഞു. 14 വര്‍ഷത്തോളം കായിക രംഗത്ത് സജീവമായ അദ്ദേഹത്തെ നിരവധി കായിക പുരസ്‌കാരങ്ങള്‍ തേടിയെത്തി. അതിന് ശേഷം സിനിമയിലേക്ക്.

മാണി സി കാപ്പന്‍ നിര്‍മ്മാതാവായ ‘മേലേപ്പറമ്പില്‍ ആണ്‍വീട്’ എന്ന ആദ്യചിത്രം തന്നെ എക്കാലത്തെയും മികച്ച ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായി മാറി . തുടര്‍ന്ന് മാന്നാര്‍ മത്തായി സ്പീക്കിങ്, കുസൃതി കാറ്റ്, സിഐഡി ഉണ്ണിക്കൃഷ്ണന്‍, തുടങ്ങി 11 ചിത്രങ്ങള്‍ നിര്‍മ്മിച്ചു. അതില്‍ മാന്നാര്‍ മത്തായി സ്പീക്കിങ് എന്ന ചിത്രത്തിലൂടെ സംവിധായകന്റെ മേലങ്കിയും മാണി സി കാപ്പന്‍ അണിഞ്ഞു. തുടര്‍ന്ന് തമിഴ് ചിത്രങ്ങള്‍ ഉള്‍പ്പെടെ 25ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു. 2012ല്‍ ‘മേലേ പറമ്പില്‍ ആണ്‍വീട്’ എന്ന തന്റെ ചിത്രം ആസാമിസ് ഭാഷയില്‍ അദ്ദേഹം തന്നെ സംവിധാനവും നിര്‍മ്മാണവും നിര്‍വഹിച്ചുക്കൊണ്ട് പുറത്തിറക്കി. സിനിമയോടൊപ്പം തന്നെ കോണ്‍ഗ്രസ് എസ്സിലൂടെ സജീവ രാഷ്ട്രീയത്തിലേക്ക് കടന്ന മാണി സി കാപ്പന്‍ സംസ്ഥാന ട്രഷറര്‍റായിരുന്നു.

പിന്നീട് കോണ്‍ഗ്രസ് എസ് എന്‍സിപിയായി മാറിയപ്പോഴും അദ്ദേഹം സംസ്ഥാന ഭാരവാഹിയായി. പാലാ മുന്‍സിപ്പല്‍ കൗണ്‍സിലര്‍, നാളികേര വികസന ബോര്‍ഡ് വൈസ്‌ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍ അലങ്കരിച്ചു. മാണി സി കാപ്പന്‍ കൗണ്‍സിലര്‍ ആയിരുന്ന സമയത്ത് തന്നെ അദ്ദേഹത്തിന്റെ സഹോദരന്മാരായ ജോര്‍ജ് സി കാപ്പന്‍, ചെറിയാന്‍ സി കാപ്പന്‍ എന്നിവരും കൗണ്‍സിലര്‍മാരായിരുന്നു. ഒരു കുടുംബത്തില്‍ നിന്നും തന്നെ മൂന്ന് കൗണ്‍സിലര്‍മാര്‍ എന്ന അപൂര്‍വ്വ നേട്ടം കാപ്പന്‍ കുടുംബത്തിന് സ്വന്തമായി. ഈ കുടുംബത്തില്‍ നിന്ന് അച്ഛന് ശേഷം വീണ്ടുമൊരു നിയമസഭാ അംഗം എത്തുകയാണ്. ചങ്ങനാശ്ശേരിയിലെ പാലത്തിങ്കല്‍ കുടുംബാംഗമായ ആലീസാണ് ഭാര്യ. ചെറിയാന്‍ കാപ്പന്‍, ടീന,ദീപ എന്നിവര്‍ മക്കളാണ്.

Leave a Reply

Your email address will not be published. Required fields are marked *