
മൊറൊട്ടോറിയം കാലാവധി ആഗസ്റ്റില്‍ കഴിയുമ്പോള്‍ മൊറൊട്ടോറിയം നീട്ടണമെന്ന ആവിശ്യവുമായി ടൂറിസ്റ്റ് ബസ്സുടമകള്‍ രംഗത്ത്.മാര്‍ച്ച് മുതല്‍ ടൂറിസ്റ്റ് ബസ് വ്യവസായം സ്തംഭിച്ച അവസ്ഥയിലാണെന്നും നിലവിലെ സാഹചര്യത്തില്‍ മൊറൊട്ടോറിയം അവസാനിക്കുകയാണെങ്കില്‍ മാസ തവണ തിരിച്ചടക്കാന്‍ യാതൊരു നിര്‍വാഹവുമില്ലെന്നും ബസ്സുടമകള്‍ പറയുന്നു. ഈ ആവശ്യമുന്നയിച്ച് ടൂറിസ്റ്റ് ബസ് സംഘടനയായ സി.സി.ഒ.എ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറിനെ ശക്തമായി വിമര്‍ശിച്ച സുപ്രീം കോടതി സര്‍ക്കാറിന്റെ വിശദീകരണം തേടിയിട്ടുണ്ട്. സെപ്തംബര്‍ ഒന്നിനാണ് വിശദീകരണം കോടതിയില്‍ സമര്‍പ്പിക്കേണ്ടത്.
50000 മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് ഓരോ ബസ്സുകള്‍ക്കും മാസ തവണയടക്കാനുള്ളത്. പലരും പ്രൈവറ്റ് ഫിനാന്‍സിനെയാണ് ലോണിനായി ആശ്രയിച്ചിട്ടുള്ളത്. ഒരു തവണ തിരിച്ചടവ് മുടങ്ങിയാല്‍ തന്നെ ഇവര്‍ ഭീഷണിപ്പെടുത്താനും ബസ് കൊണ്ടു പോവാനും ശ്രമിക്കുമെന്നും ഉടമകള്‍ പറയുന്നു. കോവിഡ് പശ്ചാത്തലത്തില്‍ വിവാഹ പരിപാടികള്‍ ലഘൂകരിച്ചതും വിനോദ യാത്രകള്‍ നിര്‍ത്തി വെച്ചതുമാണ് ടൂറിസ്റ്റ് ബസ് വ്യവസായത്തിനു തിരിച്ചടിയായത്. ഇന്‍ഷുറന്‍സ് പോളിസിയോടു കൂടി ബസ് നിര്‍ത്തിയിട്ടിരിക്കുന്നതിനാല്‍ ഈ വിഭാഗത്തിലും വലിയ നഷ്ടമാണുണ്ടായത്.