കോഴിവേസ്റ്റ് വളര്‍ത്തുമൃഗങ്ങള്‍ക്ക് ഭക്ഷണമാക്കി മാറ്റുന്ന പദ്ധതി കേരളത്തില്‍ വ്യാപിപ്പിക്കുന്നു

Feature Keralam News

കോഴിക്കോട്: കോഴിവേസ്റ്റ് വളർത്തുമൃഗങ്ങൾക്ക് ഭക്ഷണമാക്കി മാറ്റുന്ന പദ്ധതി കേരളത്തിൽ വ്യാപിപ്പിക്കുന്നു. എല്ലാ കോഴിക്കടകളിൽ നിന്നും മാലിന്യം സ്വീകരിക്കാനും ആട്, പോത്ത് തുടങ്ങിയ
അറവുമാലിന്യങ്ങളുടെ സംസ്കരണം കൂടി ഏറ്റെടുക്കാനും റെൻ്ററിങ് ഓണേസ് അസോസിയേഷൻ കേരള തീരുമാനിച്ചു.

അറവു മാലിന്യങ്ങൾ വലിയ പ്രതിസന്ധിയായി മാറിയ കാലത്താണ് ഇറച്ചിക്കോഴി മാലിന്യങ്ങൾ സംസ്കരിക്കാൻ ശാസ്ത്രീയ മാർഗ്ഗമായ റെൻഡറിങ് പ്ലാൻ്റുകൾ കേരളത്തിൽ നിലവിൽ വന്നത്. കോഴിയുടെ തൂവൽ ഉൾപ്പെടെ മുഴുവൻ മാലിന്യങ്ങളും ഉയർന്ന ഊഷ്മാവിൽ സംസ്കരിച്ച് “മീറ്റ് ബോൺ മീൽ” ആയി രൂപാന്തരപ്പെടുത്തുക എന്നതാണ് റെൻഡറിങ് പ്ലാൻ്റുകളുടെ രീതി. ഇതുവഴി ഉൽപാദിപ്പിക്കുന്ന ഭക്ഷണം വളർത്തുമൃഗങ്ങൾക്ക് തീറ്റയുണ്ടാക്കുന്നതിനുള്ള അസംസ്കൃത വസ്തുവാക്കി മാറ്റും. തദ്ദേശ സ്ഥാപനങ്ങളുമായും ശുചിത്വ കേരള മിഷനുമായും സഹകരിച്ചാണ് പദ്ധതി നടപ്പാക്കി വരുന്നത്.

ഇറച്ചിക്കോഴി മാലിന്യം സംസ്കരിക്കാൻ Rendering മാത്രമാണ് ശാസ്ത്രീയ മാർഗ്ഗമെന്നിരിക്കെ കോഴിക്കടകളിൽ നിന്ന് മാലിന്യം വ്യാപകമായി ശേഖരിച്ച് കടലിലും പുഴയിലും തള്ളുന്ന മാഫിയകൾ സംസ്ഥാനത്ത് വ്യാപകമായിരുന്നു. ഇത്തരം മാഫിയകളെ തടയാനും ശുചിത്വ കേരളത്തിനുള്ള പ്രയത്നത്തിൽ പങ്കാളികളാകാനും തങ്ങളുടെ പ്രവർത്തനത്തിലൂടെ സാധിച്ചിട്ടുണ്ടെന്ന് അസോസിയേഷൻ പ്രസിഡൻ്റ് സുജീഷ് കോലൊത്തൊടി, സെക്രട്ടറി ചന്ദ്രൻ കണ്ണൂർ, ട്രഷറർ ശിഹാബ് മലപ്പുറം, സാദിഖ് പാഷ തുടങ്ങിയവർ പറഞ്ഞു. പദ്ധതി സംസ്ഥാന വ്യാപകമായി ഏകോപിപ്പിച്ച് പ്രവർത്തനം വിപുലീകരിക്കും.
കോഴി മാലിന്യത്തിന് പുറമെ ആട്, പോത്ത് തുടങ്ങിയവയുടെയും അറവു മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാനുള്ള പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പാക്കും. മാംസ ഉപയോഗം വർധിച്ചു വരുന്ന സാഹചര്യത്തിൽ കേരളം ഒരു മാലിന്യക്കൂമ്പാരമായി മാറാതിരിയ്ക്കാൻ റെൻഡറിങ് പ്ലാൻ്റുകളുടെ പ്രവർത്തനം വിപുലീകരിക്കേണ്ടതുണ്ട്. യാതൊരുവിധ പാരിസ്ഥിതിക പ്രശ്നങ്ങളും ഇത്തരം പ്ലാൻ്റുകൾ ഉണ്ടാക്കുന്നില്ലെന്നും ഭാരവാഹികൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *