News

കണ്ണെഴുതാനാകുന്നില്ലയിന്നെന്‍
കണ്മഷിക്കൂട്ടിലാരോ മുളകുപൊടി വിതറി ..
പൊട്ടു കുത്താനായി ഞാനെന്‍ പെട്ടി പരാതിയപ്പോള്‍
കിട്ടിയതാ പൊട്ടിയ കണ്ണാടിച്ചില്ലു മാത്രം.
പിന്നെയങ്ങു ചെന്നെന്നമ്മയുടെ സുന്ദൂരച്ചെപ്പുതുറന്ന്
നെറ്റിയിലൊരു പൊട്ടുകുത്തി .
ആ ചുവപ്പിനെ സൂക്ഷിക്കാന്‍ ചന്ദനമരച്ചൊരു കുടയുണ്ടാക്കി .
പിന്നെയങ്ങു നടന്നത് കടുമാങ്ങയിടാന്‍
വാങ്ങിയ ഭരണി കയ്യടക്കിയ
കുപ്പിവളകളുടെ വര്‍ണരാജി കാണാനാണ് .
എങ്കിലിന്നെനിക്കീ കുപ്പിവളകളന്യം
അവയെന്നനിയത്തി കയ്യടക്കി .
എങ്കിലും അവയുടെ സംഗീതം ഇന്നുമെനിക്ക് സ്വന്തം .
ഈ പാട്ടുപാവാടയെന്നെ കൂടുതല്‍ സുന്ദരിയാക്കി ..
കഴുത്തിലിടാനായ് രുദ്രാക്ഷം തിരഞ്ഞപ്പോഴെന്നമ്മ ചോദിച്ചു ..
എന്തെ നീയിനി സന്യസിക്കയാണോ ?..
പറയാന്‍ മറുപടി ഒരു ഗദ്ഗദമകലെയെത്തിയപ്പോഴേക്ക്
അമ്മ പണികളില്‍ മുഴുകി ..
ഇറങ്ങാന്‍ നേരമച്ഛനോര്‍മപ്പെടുത്തി ..
കാതു ശൂന്യമാണ് ..ഇന്നെന്തേ …അവയെ ഉപദ്രവിക്കണ്ടെന്ന് വെച്ചോ!..
ഇല്ലെന്നായും മുമ്പേ അച്ഛന് കൂട്ടിനായമ്മയെത്തി ..
ഈ അമ്മയ്ക്കെന്താ അടുക്കളയിലൊരു പണിയുമില്ലേ.. ..
അധികപ്രസംഗി കയറിവന്ന
മുത്തശ്ശനിന്നുമെനിക്കൊരു നാമകരണം നടത്തി …
റോഡിലെത്തിയപ്പോഴതാ അനിയത്തിയോടി വരുന്നു
ചേച്ചീ ..ചോറുപൊതി മറന്നു പോവല്ലേ
ഉച്ചയ്ക്ക് പട്ടിണിയാവും ..
അങ്ങനെയതാ ഇന്നും നേരം വൈകിയിരിക്കുന്നു..
അങ്ങവിടെ ഡോക്ടറുടെ പടിക്കലെത്തിയപ്പോ
പിറകില്‍ നിന്നുമമ്മ … മോളെ ഏഴു മണി !…
വേഗം നടന്നോ.. ഇല്ലെങ്കിലിന്നും കൈചുവപ്പിച്ചു
വന്നാല്‍ കാല്‍ചുവപ്പിക്കുമെന്നു പറഞ്ഞു നിന്റെയച്ഛന്‍

-നയന രാധാകൃഷ്ണന്‍

1 thought on “

Leave a Reply

Your email address will not be published. Required fields are marked *