തിരുവനന്തപുരം: 40ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പിതാവ് ആറ്റില്‍ മുക്കിക്കൊന്നതിന് പ്രണയിച്ച് ഒപ്പം താമസിപ്പിച്ച ചിഞ്ചുവിനെ ഒഴിവാക്കാനായെന്ന് പിതാവിന്റെ മൊഴി. നാല്‍പ്പത് ദിവസം പ്രായമുളള പെണ്‍കുഞ്ഞിനെ നൂലുകെട്ടു ദിവസം പിതാവ് ആറ്റില്‍ മുക്കിക്കൊന്ന സംഭവത്തില്‍ കുടുംബ പ്രശ്നങ്ങളാണ് കുഞ്ഞിന്റെ കൊലപാതകത്തിലെത്തിയതെന്നു പോലീസ് പറയുന്നു. ഭര്‍ത്താവു മരിച്ച ചിഞ്ചുവിനെ പ്രണയിച്ച് ഒപ്പം താമസിപ്പിച്ച ഉണ്ണിക്കൃഷ്ണന് ചിഞ്ചു ഗര്‍ഭിണിയായതിനു ശേഷമാണു വിവാഹം കഴിച്ചത്. തനിക്കു ചിഞ്ചുവിനെ ഒഴിവാക്കണമായിരുന്നെന്നും അതിന് കുഞ്ഞ് തടസമാണെന്നു തോന്നിയതിനാലാണ് കൊലപ്പെടുത്തിയതെന്നും ചോദ്യംചെയ്യലില്‍ ഇയാള്‍ വെളിപ്പെടുത്തിയതായി പോലീസ് പറഞ്ഞു.
ഉണ്ണിക്കൃഷ്ണനെ ഇന്നു കോടതിയില്‍ ഹാജരാക്കി. കുഞ്ഞിനെ ആറ്റിലെറിഞ്ഞു കൊല്ലാന്‍ പിതാവ് പാച്ചല്ലൂര്‍ ജങ്ഷനു സമീപം പേരയില്‍ ഉണ്ണിക്കൃഷ്ണന്(24) കൊണ്ടുപോയത് തുണികള്‍ കൊണ്ടുപോകുന്ന ബാഗില്‍ കുഞ്ഞിനെ കിടത്തി ബൈക്കിലായിരുന്നു. പിന്നീട് മാതാവിന്റെ സാന്നിധ്യത്തില്‍ ചോദ്യംചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. കുഞ്ഞിനെ മുക്കിക്കൊന്ന സ്ഥലം കാട്ടിക്കൊടുത്തു. അഗ്നിരക്ഷാസേനയുടെ സഹായത്തോടെ നടത്തിയ തെരച്ചിലില്‍ ഇന്നലെ പുലര്‍ച്ചെ രണ്ടോടെയാണു മൃതദേഹം കണ്ടെത്തിയത്. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കുഞ്ഞിന്റെ വസ്ത്രങ്ങളും കണ്ടെത്തി. ബാഗിനുള്ളിലാക്കിയ നിലയില്‍ കണ്ടെടുത്ത മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. ആളൊഴിഞ്ഞ സ്ഥലത്തു സംശയകരമായ സാഹചര്യത്തില്‍ ഒരാളെ നനഞ്ഞ വേഷത്തില്‍ കണ്ടിരുന്നതായി പോലീസിനു സാക്ഷിമൊഴിയാണ് നിര്‍ണ്ണായകമായത്.
കുഞ്ഞിനെ കാണാതായതിന് പിന്നാലെ പോലീസിനെ തെറ്റിദ്ധരിപ്പിക്കാനും ഉണ്ണികൃഷ്ണന് ശ്രമം നടത്തി. കുട്ടിയെ ഹൈവേയില്‍ ഉപേക്ഷിച്ചെന്നു ആദ്യവും പാലത്തിനടിയില്‍ ഉപേക്ഷിച്ചെന്ന് രണ്ടാമതും മൊഴി നല്കി. ഹൈവേയിലും പാലത്തിനടിയിലും കുഞ്ഞിനെ തെരഞ്ഞ് പരാജയപ്പെട്ട പോലീസ് പുഞ്ചക്കരിയിലെ വള്ളത്തിന് കടവ് ഭാഗത്താണ് കുട്ടിയെ ഉപേക്ഷിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. രാത്രി ഏഴു മണിക്കാണ് കുഞ്ഞിനെ കാണാനില്ലെന്ന പരാതി ഭാര്യ തിരുവല്ലം പോലീസിന് നല്‍കിയത്. തുടര്‍ന്ന് പോലീസ് തെരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനും കഴിഞ്ഞില്ല. ഉണ്ണികൃഷ്ണനെ കുട്ടിയെ പിന്നീട് കണ്ടെത്തിയ നദിക്കരയില്‍ വെച്ച് കണ്ടെന്ന പരിസരവാസി രാജന് പറഞ്ഞതാണ് നിര്‍ണ്ണായകമായത്. ഉണ്ണികൃഷ്ണന് നദിയുടെ തീരത്ത് നിന്നും കയറി വരുന്നത് കണ്ടതായിട്ടാണ് രാജന് പറഞ്ഞത്. തലേദിവസവും ഇയാളെ ഇവിടെ കണ്ടെന്നും പറഞ്ഞു.
ബന്ധുവീട്ടില്‍ പോകാനായി ഇറങ്ങിയപ്പോള്‍ ഒരു ബൈക്ക് നദിയുടെ തീരത്ത് നിര്ത്തയിരിക്കുന്നത് രാജന് കണ്ടത്. ആളൊഴിഞ്ഞ പ്രദേശം ആയതിനാലും മുമ്പ് ബൈക്ക് ചവിട്ടി താഴ്ത്തിയ സംഭവം ഉള്ളതിനാലും അവിടെ നിന്നു. വണ്ടിയുടെ ഹോണ്‍ മുഴക്കിയപ്പോള്‍ ഉണ്ണികൃഷ്ണന് മുകളിലേക്ക് കയറി വന്നു. മാലിന്യം കളയാന്‍ വന്നപ്പോള്‍ കാലുതെറ്റി നദിയില്‍ വീണെന്നായിരുന്നു മറുപടി. ഉണ്ണികൃഷ്ണന്റെ കയ്യില്‍ അപ്പോള്‍ തുണികള്‍ ഉണ്ടായിരുന്നു. തലേദിവസവും കണ്ടിരുന്നതിനാല്‍ രാജന് സംശയം തോന്നിയുമില്ല. കുട്ടിയെ കെട്ടിത്താഴ്ത്താന്‍ കയറുമായിട്ടാണ് ഉണ്ണികൃഷ്ണന് വന്നതെന്നും രാജന് പോലീസിനോട് പറഞ്ഞു. വണ്ടി നമ്പറും ഇയാള്‍ നോട്ട് ചെയ്തിരുന്നു.
സംഭവദിവസം രാത്രിയായിരുന്നു പോലീസ് നദീതീരത്ത് എത്തി പ്രദേശവാസികളോട് അന്വേഷണം നടത്തിയത്. നദീതീരത്ത് ആരെങ്കിലൂം വന്നത് കണ്ടോയെന്ന് പോലീസ് ചോദിച്ചപ്പോഴായിരുന്നു രാജന് ഉണ്ണികൃഷ്ണനെ കണ്ട കാര്യം പോലീസിനോട് പറഞ്ഞത്. രാജന് പറഞ്ഞ സ്ഥലത്ത് പോലീസും ഫയര്‍ഫോഴ്സും നടത്തിയ തെരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ കല്ലുകെട്ടി താഴ്ത്താനായിരുന്നു ഉണ്ണികൃഷ്ണന്റെ പദ്ധതി. രാജന് സ്ഥലത്തെത്തിയതോടെ പദ്ധതി ഉപേക്ഷിച്ച് കുഞ്ഞിനെ നദിയിലേക്ക് വലിച്ചെറിയുകയായിരുന്നു. നേരത്തേ തന്നെ ഉണ്ണികൃഷ്ണനെതിരേ ഭാര്യ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയിരുന്നു. തെരച്ചില്‍ നടത്തിയിട്ടും കുഞ്ഞിനെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ ഉണ്ണികൃഷ്ണനെ പോലീസ് ചോദ്യം ചെയ്യുകയായിരുന്നു. ഇയാളുടെ പെരുമാറ്റത്തിലെ അസ്വാഭാവികതയും പോലീസ് ശ്രദ്ധിച്ചിരുന്നു. കുടുംബ പ്രശ്നത്തെ തുടര്‍ന്ന് ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തിനൊടുവിലാണ് കുട്ടിയെ ഉണ്ണികൃഷ്ണന് നദിയില്‍ എറിഞ്ഞതെന്ന് പോലീസ് പറഞ്ഞു.
കരമനയാറ്റില്‍ തിരുവല്ലം മഠത്തേനട പള്ളത്തുക്കടവിനു സമീപം വ്യാഴാഴ്ച രാത്രി ഏഴോടെയായിരുന്നു ഉണ്ണികൃഷ്ണന് കുഞ്ഞിനെ പ്ലാസ്റ്റിക് ബാഗിലാക്കി വെള്ളത്തില്‍ മുക്കിത്താഴ്ത്തിയത്. കുഞ്ഞിന്റെ അമ്മ ചിഞ്ചുവിന്റെ വീടായ നെടുമങ്ങാട് പനയമുട്ടം കുഴിനടപണയില് വീട്ടില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു നൂലുകെട്ടു ചടങ്ങ്. ഉണ്ണിക്കൃഷ്ണന് പറഞ്ഞതനുസരിച്ച് ചിഞ്ചു അന്നുതന്നെ കുഞ്ഞുമായി ഓട്ടോറിക്ഷയില്‍ തിരുവല്ലത്തെത്തി. തന്റെ അമ്മയെ കാണിക്കാനെന്ന പേരില്‍ ഉണ്ണിക്കൃഷ്ണന് കുഞ്ഞിനെ വാങ്ങിക്കൊണ്ടുപോയി. രാത്രി ഒമ്പതു വരെ ഓട്ടോയില്‍ കാത്തിരുന്ന ചിഞ്ചു, ഭര്‍ത്താവ് കുഞ്ഞുമായി തിരിച്ചെത്താതിരുന്നതോടെ തിരുവല്ലം പോലീസ് സ്റ്റേഷനിലെത്തി വിവരമറിയിച്ചു. ഫോണ്‍ ലൊക്കേഷന്‍ കണ്ടെത്തിയ പോലീസ് ഉണ്ണിക്കൃഷ്ണനെ കണ്ടെത്തി. തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു.