റോള്‍ മോഡലും പ്രചോദനവും പക്രു ചേട്ടന്‍, കൂടുതല്‍ സപ്പോര്‍ട്ട് ചെയ്തത് അച്ഛന്‍ തന്നെ: സൂരജ് തേലക്കാട്

News

തന്റെ പരിമിതികളെ തന്റെ കഴിവുകൊണ്ട് അതിജീവിച്ച് മുന്നേറിയ കൊച്ചുകലാകാരനാണ് സൂരജ് തേലക്കാട്. കലോത്സവവേദികളിലൂടെ ചുവടുവെച്ചു തുടങ്ങിയ പ്രയാണം ഇന്നു മലയാളസിനിമവരെ എത്തി നില്‍ക്കുന്നു. ഉയരക്കുറവിനെ തന്റെ ഉയരമായി കണ്ടുതുടങ്ങിയതോടെയാണ് സൂരജ് മുന്നേറ്റം തുടങ്ങിയത്. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ സൂരജിന്റെ അച്ഛന്‍ മോഹനന്‍ ബാങ്കിലെ കലക്ഷന്‍ ഏജന്റ് ആണ്. അമ്മ ജ്യോതിലക്ഷ്മി, സഹോദരി സ്വാതിശ്രീ. 24വയസ്സുകാരനായ ഈ ചെറിയ വലിയ കലാകരന്‍ മറുപുറം കേരളയോട് മനസ്സ് തുറക്കുന്നു.

നജ്മ ഹമീദ്

ചോ: മിമിക്രി രംഗത്തേക്കുള്ള കടന്നു വരവ്

ഉ: അച്ഛന്‍ ഒരു മിമിക്രി കലാകാരന്‍ ആയിരുന്നു. അച്ഛനാണ് എന്നെയും ഈ ലോകത്തേക്ക് കൈപിടിച്ച് നടത്തിയത്. പൊക്കക്കുറവ് ഒരു പ്രശനമായി തോന്നിയ സമയത്ത് അതൊന്നും ഒരു പ്രശ്നമല്ല എന്ന് ആദ്യം ഉള്‍കൊള്ളാന്‍ പഠിപ്പിച്ചതും അതിനുശേഷം ശ്രദ്ധ മുഴുവന്‍ കലാലോകത്തേക്കു കൊണ്ട് വന്നതും അച്ഛന്‍തന്നെയാണ്. മലപ്പുറത്തു വെച്ച് നടന്ന 53-ാമത് സംസ്ഥാന കലോത്സവ വിജയം സത്യത്തില്‍ അച്ഛന്റെ വിജയമായിരുന്നു. അച്ഛന്റെ തോളില്‍ ഇരുന്ന് വിജയം ആഘോഷിക്കുന്ന എന്റെ പടം അന്നത്തെ മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. അലനെല്ലൂരിലെ കലാസദന്‍ സമിതിയില്‍ ഞാനും ഒരംഗമായിരുന്നു. ഷഹനീര്‍ ബാബു എന്നറിയപ്പെടുന്ന ബാബു സര്‍ എനിക്കൊരു വഴികാട്ടിയായിരുന്നു. അദ്ദേഹത്തിന്റെ കൂടെ ആ സമിതിയില്‍ ഞാന്‍ സ്‌കിറ്റ് അവതരിപ്പിക്കാന്‍ തുടങ്ങി.

സൂരജും കുടുംബവും


ചോഃ ജീവിതത്തിലെ വഴിത്തിരിവായ ടെലിവിഷന്‍ പ്രോഗ്രാം

ഉ: മഴവില്‍ മനോരമയാണ് ശരിക്കും എന്റെ ജീവിത്തില്‍ വഴികാട്ടിയായത്. കോമഡി ഫെസ്റ്റിവല്‍ എനിക്ക് കിട്ടിയ വലിയൊരു വേദിയായിരുന്നു. ഈ വേദിയില്‍ നിന്നാണ് സ്പെഷ്യല്‍ ജൂറി അവാര്‍ഡ് പക്രു ചേട്ടന്‍ എനിക്ക് സമ്മാനിക്കുന്നത്. ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ഒരംഗീകാരം ആയിരുന്നു അത്. മഴവില്‍ മനോരമയുടെ സിനിമ ചിരിമ എന്ന പരിപാടിയും, ഫ്ളവേഴ്സിലെ കോമഡി സൂപ്പര്‍ നൈറ്റ് എന്ന പരിപാടിയും എന്റെ ജീവിതത്തിലെ നിര്‍ണായക വേദിയായിരുന്നു.

ചോഃ സിനിമ ലോകത്തേക്കുള്ള കാലുവെപ്പ്

ഉഃ ചാര്‍ളി ആയിരുന്നു എന്റെ ആദ്യത്തെ സിനിമ. മഴവില്‍ മനോരമയിലെ സിനിമ ചിരിമ എന്ന പ്രോഗ്രാമിലെ കലാഭവന്‍ മണി ചേട്ടന്റെ കൂടെ ഞാന്‍ ചെയ്ത ഒരു സ്‌കിറ്റ് വൈറലായിരുന്നു. ഇത് കണ്ടു ഇഷ്ടപെട്ടാണ് ഉണ്ണി സാര്‍ എന്നെ വിളിക്കുന്നത്. വിളിച്ചിട്ട് എന്നോട് പറഞ്ഞു മാര്‍ട്ടിന്‍ സര്‍ ഒരു പടം ചെയ്യുന്നുണ്ട് അഭിനയിക്കാന്‍ തയ്യാറാണോ എന്ന് ചോദിച്ചു. ഞാന്‍ അതെ എന്ന് പറഞ്ഞു, അങ്ങിനെയാണ് ആ സിനിമയില്‍ അഭിനയിക്കുന്നത്.

ചോഃ ആദ്യ സിനിമയില്‍, പ്രതേകിച്ചു ഇത്രേം സീനിയര്‍ ആയിട്ടുള്ള ആര്‍ട്ടിസ്റ്റുകളുടെ കൂടെ ആദ്യമായി ഭിനയിച്ചപ്പോഴുള്ള അനുഭവം?

ഉഃ സത്യം പറഞ്ഞാല്‍ ഭയങ്കര ടെന്‍ഷനായിരുന്നു. പാര്‍വതി ചേച്ചിയുടെ കൂടെ ആയിരുന്നു എന്റെ സീന്‍ ഉണ്ടായിരുന്നത്. ആദ്യം രണ്ടു പ്രാവശ്യം ആ സീന്‍ ശരിയായില്ല. പിന്നെ ഡയറക്ടര്‍ സര്‍ കയ്യടിച്ചു നന്നായിട്ട് സപ്പോര്‍ട്ട് ചെയ്തു. അങ്ങനെ മൂന്നാമത്തെ ടേയ്ക്കില്‍ ഞാന്‍ ചെയ്തു.

ചോഃ ദുല്‍ഖറിന്റേയും പാര്‍വതിയുടേയും കൂടെയുള്ള അഭിനയ അനുഭവം

ഉഃ അവര്‍ എല്ലാവരും നല്ല സപ്പോര്‍ട്ട് ആയിരുന്നു. പാര്‍വതി ചേച്ചിയുടെ കൂടെ ആയിരുന്നു ഞാന്‍ അഭിനയിച്ചത്. ആ സമയത്ത് കുഞ്ഞിക്കാനെ ഞാന്‍ കണ്ടില്ലായിരുന്നു. പിന്നീടാണ് കുഞ്ഞിക്ക ആയിട്ട് പരിചയപ്പെടുന്നത്. ഇവരെല്ലാവരും നല്ല സപ്പോര്‍ട്ട് ആയിരുന്നു.

ചോഃ അഭിനയിച്ച സിനിമകളെ കുറിച്ച്

ഉഃ ചാര്‍ലി, ക്യാപിച്ചിനോ, വിമാനം, ഉദാഹരണം സുജാത, ഒരു അടാര്‍ ലവ്, എന്നോട് പറ ഐ ലവ് യു, അമ്പിളി, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, ധമാക്ക ഇവയിലാണ് നിലവില്‍ അഭിനയിച്ചത്.

ചോഃ മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു ചേച്ചിടെ കൂടെയുള്ള അഭിനയ അനുഭവം?

ഉഃ മഞ്ജു ചേച്ചി വളരെ സപ്പോര്‍ട്ട് ആയിരുന്നു. ഫ്ലവര്‍സിലെ കോമഡി സൂപ്പര്‍ നൈറ്റ് എന്ന പ്രോഗ്രാമില്‍ വെച്ച് തന്നെ എനിക്ക് മഞ്ജു ചേച്ചിയെ അറിയാമായിരുന്നു.

ചോഃ ഒരു അഡാര്‍ ലവ് ലൊക്കേഷന്‍ വിശേഷങ്ങള്‍?

ഉഃ ഒമര്‍ ഇക്കാന്റെ അഡാര്‍ ലൗ മൂവി ഒരു എന്റര്‍ടൈന്‍മെന്റ് മൂവി ആയിരുന്നു അത്. പുതുമുഖ നായകന്മാരായിരുന്നു പലരും. ലൊക്കേഷനില്‍ നല്ല സന്തോഷത്തോടെ അഭിനയിക്കാന്‍ കഴിഞ്ഞു .

ചോഃ അമ്പിളി സിനിമയുടെ വിശേഷങ്ങള്‍

ഉഃ ഗപ്പി യുടെ സംവിധായകന്‍ തന്നെയായിരുന്നു ഇതിന്റെയും സംവിധായകന്‍. വളരെ സന്തോഷം ഉണ്ടായിരുന്നു സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍. സൗബിന്‍ ഇക്കയും മറ്റു ആര്‍ട്ടിസ്റ്റുകളും നല്ല അടുപ്പമായിരുന്നു. സൗബിനിക്കയെ കോമഡി സൂപ്പര്‍ നൈറ്റില്‍ വന്നുള്ള പരിജയം ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ ഇക്ക നല്ല സപ്പോര്‍ട്ടായിരുന്നു.

ചോ: ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, എന്ന സിനിമയിലെ റോബോട്ട് കുഞ്ഞപ്പന്റെ വിശേഷങ്ങള്‍?

ഉഃ ഇതുവരെ അഭിനയിച്ച സിനിമകളില്‍ നിന്നെല്ലാം വ്യത്യസ്ത മായിട്ടുള്ള ഒരു കഥാപാത്രമായിരുന്നു അത്. രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സര്‍ ആദ്യമായിട്ടു എന്നെ വിളിച്ചിട്ട് എന്റെ അളവ് ചോദിച്ചു. പിന്നീടാണ് എന്നോട് കാര്യങ്ങള്‍ പറഞ്ഞത് ഞാന്‍ ഇങ്ങനൊരു സിനിമ ചെയ്യാന്‍ പോവുന്നുണ്ട്. അതില്‍ ഒരു റോബോര്‍ട്ടു കഥാപാത്രം ചെയ്യാന്‍ തയ്യാറാണോന്ന്. ആദ്യം എനിക്ക് ഭയങ്കര അത്ഭുതമായിരുന്നു. എന്റെ മുഖം കാണില്ലെന്ന് ചോദിച്ചു. ഇല്ല പക്ഷെ ഒരു ലീഡിങ് കഥാപാത്രമാണെന്നു പറഞ്ഞു. അങ്ങനെ ബോംബയില്‍ പോയാണ് റോബോര്‍ട്ടിനു വേണ്ട അളവെടുത്ത്. അതിനു ശേഷം ഞാന്‍ ഒന്ന് തടിവെച്ചു. ഷൂട്ടിംഗ് ഫസ്റ്റ് ടൈം എനിക്കത് കുറച്ചു ടൈറ്റാര്‍ന്നു. പിന്നീട് ഞാന്‍ തടി കുറച്ചു. മുഖമില്ലാത്ത ഞാന്‍ മുഴുനീളം അഭിനയിച്ച ചിത്രമാണിത്. സിനിമ ഇറങ്ങി കുറച്ചു കഴിഞ്ഞാണ് ഞാനായിരുന്നു കുഞ്ഞപ്പനെന്നു പലരും അറിഞ്ഞത്.

ചോഃ പൊക്കമില്ലാത്തതിന്റെ പേരില്‍ എപോയെങ്കിലും സങ്കടപ്പെട്ടിട്ടുണ്ടോ?

ഉഃ കുട്ടിയായിരുന്നപ്പോള്‍, പക്ഷെ പിന്നീട് ഞാനതു ഉള്‍കൊള്ളാന്‍ പഠിച്ചു. പലപ്പോഴും ഈ ഉയരമില്ലായിമയാണ് എനിക്ക് പല അവസരങ്ങളും നേടിത്തന്നിട്ടുള്ളത്.

ചോഃ ജീവിത്തിലെ റോള്‍ മോഡല്‍ ആരാണെന്നു ചോദിച്ചാല്‍?

ഉഃ എന്റെ റോള്‍ മോഡലായി ഞാന്‍ കാണുന്നത് പക്രു ചേട്ടനെയാണ്. പക്രു ചേട്ടന്റ ജീവിതം എനിക്കൊരു പ്രചോദനമാണ്.

ചോഃ ജീവിതത്തില്‍ ഏറ്റവുംകൂടുതല്‍ സപ്പോര്‍ട്ട് കിട്ടിയത്

ഉഃ ന്റെ അച്ഛനാണ് എന്നെ ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ചോഃ ലൈസന്‍സ് കിട്ടിയതിനെ കുറിച്ച്?

ഉഃ:വാഹനം ഓടിക്കുക എന്നത് ഒരു ജീവിതാഭിലാഷമായിരുന്നു. അതുകൊണ്ടുതന്നെ ലൈസന്‍സ് കിട്ടിയപ്പോള്‍ വളരെയധികം സന്തോഷം ആയിരുന്നു.. സൗകര്യത്തിനനുസരിച്ച് സീറ്റില്‍ അഡ്ജസ്റ്റ് മെന്റ് നടത്തി ആര്‍സിയില്‍ മാറ്റം വരുത്തിയാണ് കാര്‍ എന്റെ രീതിയില്‍സജ്ജീകരിച്ചിട്ടുള്ളത്.

ചോഃ വിവാഹ സങ്കല്‍പ്പം

ഉഃ വിവാഹത്തെപ്പറ്റി ഗൗരവമായി ചിന്തിച്ചിട്ട് ഒന്നുമില്ല. കുറച്ചുകൂടി കഴിയട്ടെ

ചോഃ ഉയരക്കുറവിന്റെ പേരില്‍ സങ്കടപ്പെട്ടു നടക്കുന്നവരോട് പറയാനുള്ളത്?

ഉഃ മറ്റുള്ളവരെ ഉപദേശിക്കാന്‍ ആവുന്ന രീതിയില്‍ ഒന്നും ഞാന്‍ വളര്‍ന്നിട്ടില്ല. എങ്കിലും ഉയരത്തിന്റെ പേരിലും മറ്റു അംഗവൈകല്യ ങ്ങളുടെ പേരിലും തളര്‍ന്നിരിക്കുന്ന വരോട് ദൈവം നമ്മളെ ഇങ്ങനെയൊക്കെ സൃഷ്ടിച്ചത് മറ്റു പല സൗഭാഗ്യങ്ങളും തരാന്‍ വേണ്ടിയിട്ട് ആയിരിക്കും. തളര്‍ന്ന ഇരിക്കാതെ നമ്മുടെ കഴിവുകള്‍ കണ്ടെത്തി മുന്നേറുക.

Leave a Reply

Your email address will not be published. Required fields are marked *