മാധ്യമങ്ങളെ തെരഞ്ഞെടുത്തു മാറ്റിനിര്‍ത്തുന്ന വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ നടപടി അങ്ങേയറ്റം അപലപനീയം: കൊടിയേരി ബാലകൃഷ്ണന്‍

Politics

മാധ്യമങ്ങളെ തെരഞ്ഞെടുത്തു മാറ്റിനിര്‍ത്തുന്ന വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍.
കഴിഞ്ഞ ദിവസം ദില്ലിയില്‍ തന്റെ ഔദ്യോഗിക വസതിയില്‍ പ്രതികരണം നടത്തിയ മുരളീധരന്‍ കൈരളി, ഏഷ്യാനെറ്റ് ചാനല്‍ പ്രതിനിധികളെ മാറ്റിനിര്‍ത്തിയിരുന്നു. ഇവരെ പ്രതികരണ സ്ഥലത്തേയ്ക്കു കടത്തിവിടരുതെന്ന നിര്‍ദ്ദേശം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നല്‍കുകയും ചെയ്തു.

വി മുരളീധരന്‍ രാഷ്ട്രീയ നേതാവ് മാത്രമല്ല ഔദ്യോഗിക പദവി കൈയ്യാളുന്ന വ്യക്തികൂടിയാണ്. ആരോടും പ്രത്യേക മമതയോ, വിരോധമോ ഇല്ലാതെ പ്രവര്‍ത്തിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് ഭരണഘടനാ പ്രകാരം മന്ത്രിയായ വ്യക്തിയാണ് ശ്രീ. മുരളീധരന്‍. ചില മാധ്യമങ്ങളെ വിരോധത്താല്‍ ഒഴിവാക്കുന്നതും, ചിലരോട് മാത്രം താത്പര്യത്താല്‍ പ്രതികരിക്കുന്നതും സത്യപ്രതിജ്ഞാലംഘനവും പദവിയ്ക്ക് നിരക്കാത്തതുമാണെന്നും കൊടിയേരി ബാലകൃഷ്ണന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. മാധ്യമ പ്രവര്‍ത്തകരെ തരംതിരിച്ച് തന്റെ സൗകര്യത്തിന് അനുസരിച്ച് സമീപിക്കുന്ന രീതി ഫാസിസ്റ്റ് നടപടിയാണ്.
മുരളീധരന്റെ തരംതാണ നടപടിക്കെതിരായ പരസ്യനിലപാടു കൈക്കൊണ്ട കേരള പത്രപ്രവര്‍ത്തക യൂണിയനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും അദ്ദേഹം പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *