കൊടുക്കാനുള്ള പണം മുഴുവന്‍ തിരികെ നല്‍കി; കുമ്മനം രാജശേഖരനെതിരെയുള്ള കേസ് പരാതിക്കാരന്‍ പിന്‍വലിച്ചു

Politics

തിരുവനന്തപുരം: ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരനെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് പരാതിക്കാരന്‍ പിന്‍വലിച്ചു. പരാതിക്കാരന്‍ ഹരികൃഷ്ണനു കൊടുക്കാനുള്ള പണം തിരിച്ചു കൊടുത്തതോടെയാണ് കേസ് ഒത്തു തീര്‍പ്പായത്. കുമ്മനം പ്രതിയായ കേസില്‍ ബി.ജെ.പിയുടെ അടക്കം ഇടപെടല്‍ കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് ഉണ്ടായിരുന്നു.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയായത് പാര്‍ട്ടിക്ക് വലിയ തലവേദനയായിരുന്നു. കേസില്‍ എഫ്.ഐ.ആര്‍ പിന്‍വലിക്കാന്‍ പരാതിക്കാരന്‍ ഇനി ഹൈക്കോടതിയെ സമീപിക്കും. ന്യൂഭാരത് ബയോടെക്‌നോളജീസ് എന്ന കമ്പനിയില്‍ കുമ്മനം രാജശേഖരന്റെ വാക്ക് കേട്ട് ഇരുപത്തിയെട്ട് ലക്ഷം രൂപ നിക്ഷേപിച്ചെന്നായിരുന്നു ഹരികൃഷ്ണന്റെ പരാതി.

കുമ്മനം രാജശേഖരനും അദ്ദേഹത്തിന്റെ മുന്‍ പി.എ പ്രവീണും അടക്കമുള്ളവരെ പ്രതിചേര്‍ത്താണ് ഹരികൃഷ്ണന്‍ പരാതി നല്‍കിയത്. കേസില്‍ നാലാം പ്രതിയായിരുന്നു കുമ്മനം. മുന്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് പ്രവീണ്‍ ഒന്നാം പ്രതി. സ്ഥാപനം തുടങ്ങുന്നയാളായി ഹരികൃഷ്ണന്റെ മുന്‍പിലെത്തിയ വിജയന്‍ രണ്ടാം പ്രതിയും ഇയാളുടെ മാനേജര്‍ സേവ്യര്‍ മൂന്നാം പ്രതിയുമാണ്.

അതേസമയം കുമ്മനം രാജശേഖരനെതിരായ സാമ്പത്തിക തട്ടിപ്പ് കേസിന് പിന്നില്‍ പാര്‍ട്ടിക്കുള്ളിലുള്ളവര്‍ തന്നെയാണെന്ന് ബി.ജെ.പി തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറി ആര്‍.എസ് വിനോദ് ആരോപിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *