പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്തിലെ 12ാം വാര്‍ഡിലെ വിജയിയെ പ്രഖ്യാപിച്ച് സോഷ്യല്‍ മീഡിയ; വിജയി നിഷ തന്നെ

Politics

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറിലെ വിജയിയെ സോഷ്യല്‍ മീഡിയ ഇതിനോടകം തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. എല്ലായിടത്തും ഏതു സ്ഥാനാര്‍ത്ഥി വിജയിക്കുമെന്ന പ്രവചനങ്ങളും പന്തയങ്ങളും കൊഴുക്കുന്നുണ്ടെങ്കിലും പൂഞ്ഞാറിലെ കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. വിജയി നിഷ തന്നെയാവും. കാരണം മറ്റൊന്നുമല്ല. ഇവിടെ എല്ലാ സ്ഥാനാര്‍ത്തികളും നിഷ തന്നെയാണ്.

പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്തിലെ 12ാം വാര്‍ഡ് വനിതകള്‍ക്ക് സംവരണം ചെയ്തിട്ടുള്ളതാണ്. മൂന്ന് മുന്നണികളും സ്ഥാനാര്‍ഥികളെ അന്വേഷിച്ചപ്പോള്‍ കിട്ടിയത് ‘നിഷ’മാരെ തന്നെയാണ്. ആദ്യം പാര്‍ട്ടിക്കാര്‍ക്ക് ഈ പേരിലെ കൗതുകം മനസിലായില്ലെങ്കിലും സോഷ്യല്‍മീഡിയയിലെ പ്രചാരണം കൊഴുത്തപ്പോഴാണ് സ്ഥാനാര്‍ഥികളെല്ലാം നിഷമാരായ കാര്യം എല്ലാവരും ശ്രദ്ധിച്ചത്.

കൈപ്പത്തി ചിഹ്നത്തില്‍ കോണ്‍ഗ്രസിലെ നിഷാ ഷാജി മത്സരിക്കുന്നു. അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ നിഷാ സാനുവാണ് ജനവിധി തേടുന്നത്. ബിജെപി സ്ഥാനാര്‍ഥിയായി താമര അടയാളത്തില്‍ നിഷാ വിജിമോനാണ് മത്സരിക്കുന്നത്. നിഷ ത്രയങ്ങളുടെ പ്രചാരണവും സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുകയാണ്.

വാര്‍ഡില്‍ ആളുകള്‍ കൂടുന്നിടത്തെല്ലാം ഇന്ന് ‘നിഷാ’ വിശേഷമാണ് ചര്‍ച്ച. ആരൊക്കെ തര്‍ക്കിച്ചാലും ഒരു കാര്യം ഉറപ്പിക്കാം. പൂഞ്ഞാര്‍ പഞ്ചായത്തിലെ ഈ പന്ത്രണ്ടാം വാര്‍ഡില്‍ നിഷയെ വിജയിക്കൂ. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ നിഷമാരില്‍ ആരാകും പഞ്ചായത്തിലെത്തുക എന്ന കാത്തിരിപ്പിലാണ് പന്ത്രണ്ടാം വാര്‍ഡുകാര്‍. നിഷ എന്ന പേര് കേട്ടാല്‍ പൂഞ്ഞാറുകാര്‍ക്ക് ആദ്യം ഓര്‍മ വരിക നിഷ ജോസ് കെ മാണിയെ ആണ്. എന്നാല്‍ പൂഞ്ഞാറുകാര്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നതാകട്ടെ 12ാവാര്‍ഡിലെ നിഷമാരെ കുറിച്ചും.

Leave a Reply

Your email address will not be published. Required fields are marked *