സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അതൃപ്തി, മലപ്പുറത്ത് മുസ്ലിം ലീഗില്‍ കൂട്ട രാജി

Politics

മലപ്പുറം: സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അതൃപ്തിയെത്തുടര്‍ന്ന് മലപ്പുറത്ത് വിവിധയിടങ്ങളില്‍ മുസ്ലിം ലീഗില്‍ കൂട്ടരാജി. സ്ഥാനാര്‍ത്ഥി നിര്‍ണയം ആരംഭിച്ചതോടെയാണ് മണ്ഡലം, വാര്‍ഡ് തലങ്ങളില്‍ നേതൃസ്ഥാനങ്ങളിലിരിക്കുന്നവരുടെ കൂട്ടരാജി. മേലാറ്റൂര്‍, കണ്ണമംഗലം, തിരൂര്‍ മണ്ഡലത്തിലെ പൂക്കയില്‍ എന്നിവിടങ്ങളിലെ പ്രവര്‍ത്തകരാണ് രേഖാമൂലം രാജി ജില്ലാ നേതൃത്വങ്ങളെ അറിയിച്ചത്.

മലപ്പുറം ജില്ലായിലെ മുസ്ലിം ലീഗിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് തെട്ടു പിന്നാലെയാണ് ജില്ലയുടെ വിവിധ വാര്‍ഡുകളിലെ ഔദ്യോഗിക പദവികള്‍ വഹിക്കുന്നവരുടെ കൂട്ടരാജി. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഉണ്ടാക്കിയ ധാരണയും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ വിഭാഗീയതയുമാണ് പ്രാദേശിക നേതാക്കളുടെ കൂട്ടരാജി. രാജിവച്ചവരില്‍ പ്രമുഖരും ഉള്‍പ്പെടുന്നുണ്ട്. മുസ്ലിം ലീഗിന്റെ തൊഴിലാളി സംഘടനയായ എസ്ടിയു സംസ്ഥാന സെക്രട്ടറിയും കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ കെ. കെ ഹംസയാണ് ഒരാള്‍. കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ റിബല്‍ സ്ഥാനാര്‍ത്ഥിയായി ഇയാള്‍ മത്സര രംഗത്തും എത്തി. ഇതോടെ ഹംസക്ക് എല്‍ഡിഎഫ് പിന്തുണ പ്രഖ്യാപിച്ചു.

തെട്ടു പിന്നാലെ വെല്‍ഫെയര്‍ പാര്‍ട്ടി കൂട്ടുകെട്ടില്‍ പ്രതിഷേധിച്ച് മേലാറ്റൂര്‍ പഞ്ചായത്തിലും കൂട്ടരാജി പ്രഖ്യാപനം വന്നു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രവര്‍ത്തക സമിതി അംഗം കെ. പി ഉമ്മര്‍ ഉള്‍പ്പെടെ ഇരുപതോളം പേര്‍ രാജിവച്ചു. മേലാറ്റൂര്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡ് വെല്‍ഫെയര്‍ പാര്‍ട്ടിക്ക് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് വാര്‍ഡ് ഭാരവാഹികള്‍ ഉള്‍പ്പെടെ രാജിവച്ചത്. ഇതിന് പുറമെ തിരൂര്‍ മുനിസിപ്പാലിറ്റിയിലെ പൂക്കയില്‍ 1, 5, 6, 3 വാര്‍ഡുകളിലെ പാര്‍ട്ടി ഭാരവാഹികള്‍ രാജിവച്ചു. ഭൂരിപക്ഷ അഭിപ്രായത്തെ മറികടന്ന്, മുനിസിപ്പല്‍ ലീഗ് കമ്മിറ്റി ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ചാണ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ, സെക്രട്ടറി ഉള്‍പ്പടെ 26 ലധികം പേരുടെ കൂട്ടരാജി.

Leave a Reply

Your email address will not be published. Required fields are marked *