കേരള രാഷ്ട്രീയത്തിനു പുത്തന്‍ പ്രതീക്ഷകള്‍ നല്‍കി ആര്യയുടെ മേയര്‍ സ്ഥാനം

Keralam Politics

അരുണ്‍ എന്‍.ആര്‍

ലോകത്തില്‍ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന പദവിയിലേക്കാണ്തിരുവനന്തപുരം നഗരത്തിന്റെ മേയറാകുന്ന ആര്യ രാജേന്ദ്രന്‍ നിയുക്തയാവുന്നത്.ഇരുപത്തൊന്നുകാരിയായ ആര്യ കേരള രാഷ്ട്രീയത്തിനു പുത്തന്‍ പ്രതീക്ഷകള്‍ നല്‍കുകയാണ്. വ്യവസ്ഥാപിത രാഷ്ട്രീയ രീതികളില്‍ നിന്നും മാറി എല്‍.ഡി.എഫ് യുവത്വത്തില്‍ കൂടുതല്‍ പ്രതീക്ഷയര്‍പ്പിക്കുമ്പോള്‍, ഊര്‍ജ്ജ്വസ്വലരായ യുവതലമുറ അധികാര സ്ഥാനങ്ങളിലെത്തുമ്പോള്‍ അത് നമ്മുടെ നാടിനു പകര്‍ന്നു നല്‍കുന്ന ഊര്‍ജ്ജവും ആത്മവിശ്വാസവും ചെറുതല്ല.

മുടവന്‍മുകള്‍ കൗണ്‍സിലറായ ആര്യ തുമ്പ സെന്റ് സേവിഴേസ് കോളേജിലെ രണ്ടാം വര്‍ഷ ബി.എസ്.സി മാത്തമാറ്റിക്സ് വിദ്യാര്‍ത്ഥിനി കൂടിയാണ്. നിലവില്‍ ബാലസംഘം സംസ്ഥാന പ്രസിഡന്റും എസ്.എഫ്.ഐ സംസ്ഥാന ഭാരവാഹിയുമാണ്. ഇവയില്‍ നിന്നും ലഭിച്ച പരിചയ സമ്പത്തും യുവത്വത്തിന്റെ ഊര്‍ജ്ജ്വസ്വലതയും ആര്യക്ക് തിരുവനന്തപുരത്തെ മുന്നോട്ടു നയിക്കാനുള്ള കൈമുതലാണ്.

മിഷിഗണ്‍ പ്രവിശ്യയിലെ ഹില്‍സ് ഡെയില്‍ മേയറായിരുന്ന മൈക്കിള്‍ സെക്ഷന്‍ എന്ന 18 വയസുകാരനെ പറ്റി അധികം ആരും കേള്‍ക്കാനിടയില്ല. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന മെക്കിള്‍ സെക്ഷനാണ് ലോകത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍. കേവലം 8200 വോട്ടറമാരുളള ഹില്‍സ് ഡെയില്‍ പ്രവിശ്യയിലെ മേയറായിരുന്ന മൈക്കിള്‍ സെക്ഷനെ പോലെയല്ല ആര്യ രാജേന്ദ്രന്‍. 16 ലക്ഷം ആണ് തിരുവനന്തപുരം നഗരത്തിന്റെ ജനസംഖ്യ ഇനി നഗരത്തിന്റെ മാതാവ് ആണ് ബിരുദ വിദ്യാര്‍ത്ഥിയായ യുവതി. നിലവില്‍ ലോകത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യ രാജേന്ദ്രന്‍. നോര്‍വെയിലെ സോകാന്‍ഡല്‍ മേയറായ 22 കാരന്‍ ജോനാസ് ആന്‍ഡേഴ്‌സണ്‍ ആണ് ആര്യക്ക് മുകളില്‍ പ്രായം ഉളള കുട്ടിമേയര്‍.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം നു ഉയര്‍ത്തിക്കാണിക്കാവുന്ന നേട്ടം കൂടിയാണിത്. യുവജനങ്ങളുടെ പിന്തുണ കൂടുതല്‍ ലഭിക്കാന്‍ ആര്യയുടെ തെരഞ്ഞെടുപ്പ് കാരണമാവും. സോഷ്യല്‍ മീഡിയയില്‍ നിരവധി പ്രമുഖരാണ് ആര്യക്ക് അഭിനന്ദനവുമായെത്തുന്നത്. പുരോഗമന രാഷ്ട്രീയം, നവോത്ഥാനം എന്നിവ ഉയര്‍ത്തിപ്പിടിക്കുന്നതാണ് ഈ തീരുമാനം എന്നാണ് സോഷ്യല്‍ മീഡിയയില്‍ ആര്യയെ അഭിനന്ദിച്ചു കൊണ്ടു വരുന്ന പോസ്റ്റുകള്‍. ഒരു നഗരത്തെ എത്രത്തോളം മുന്നോട്ടു നടത്താന്‍ കഴിയുമെന്നതില്‍ ആര്യക്ക് ആശങ്കയില്ല, ആത്മവിശ്വാസം മാത്രമേയുള്ളൂ…

Leave a Reply

Your email address will not be published. Required fields are marked *