കമ്മ്യൂണിസ്റ്റാചാര്യന്റെ തട്ടകം 40വര്‍ഷത്തിന് ശേഷം സി.പി.എമ്മിന് നഷ്ടമായി

News Politics

മലപ്പുറം: കമ്മ്യൂണിസ്റ്റാചാര്യന്റെ തട്ടകമായ പഞ്ചായത്ത് 40വര്‍ഷത്തിന് ശേഷം നറുക്കെടുപ്പിലൂടെ സി.പി.എമ്മിന് നഷ്ടമായി. ഇഎംഎസിന്റെ തട്ടകമായ മലപ്പുറം ഏലംകുളത്താണ് 40വര്‍ഷത്തിന് ശേഷം എല്‍.ഡി.എഫിന് ഭരണം നഷ്ടമായത്. ഏലംകുളത്ത് കോണ്‍ഗ്രസിലെ സി സുകുമാരനാണ് പ്രസിഡന്റ്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ രണ്ടു മുന്നണികളും ഒപ്പത്തിനൊപ്പം വന്ന
ഏലംകുളം പഞ്ചായത്തില്‍ ഇന്ന് നടന്ന നറുക്കെടുപ്പില്‍ യുഡിഎഫ് വിജയിക്കുകയായിരുന്നു.
16 വാര്‍ഡുകളില്‍ എട്ടെണ്ണം വീതമാണ് ഇരുമുന്നണികളും നേടിയിരുന്നത്. കാലങ്ങളായി ഇടതുപക്ഷം കൈവശം വെച്ചിരുന്ന കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയും സിപിഎം ആചാര്യനുമായിരുന്ന ഇഎംഎസിന്റെ നാടായ ഏലംകുളം പഞ്ചായത്ത് നറുക്കെടുപ്പിലൂടെയാണ് ഇടതുപക്ഷത്തിനു നഷ്ടമായിരിക്കുന്നത്. മുസ്ലീം ലീഗിലെ കെ ഹൈറുന്നീസയാണ് വൈസ് പ്രസിഡന്റ്. 1964 ല്‍ പഞ്ചായത്ത് രൂപവത്കരിച്ചതിനുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ മൊയ്തീന്‍ കുരിക്കള്‍ പ്രസിഡന്റായുള്ള യുഡിഎഫ് ഭരണസമിതി നിലവില്‍ വന്നിരുന്നു. തുടര്‍ന്ന് 1980 വരെ തുടര്‍ച്ചയായി യുഡിഎഫാണ് പഞ്ചായത്ത് ഭരിച്ചത്. പിന്നീട് 2020 വരെയുള്ള 40 വര്‍ഷവും പഞ്ചായത്ത് ഇടതിനൊപ്പമായിരുന്നു. പാരമ്പര്യം നിലനിര്‍ത്താന്‍ അരയും തലയും മുറുക്കി തെരഞ്ഞെടുപ്പിനെ നേരിട്ട ഇടതില്‍ നിന്നു നറുക്കിലൂടെയാണെങ്കിലും ഭരണം തിരിച്ചുപിടിക്കാനായതിന്റെ സന്തോഷത്തിലാണ് യുഡിഎഫ് നേതൃത്വം.
പ്രസിഡന്റ് സ്ഥാനത്തേക്ക് സിപിഎമ്മിലെ അനിതാ പള്ളത്തും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ടാം വാര്‍ഡില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട വിജയലക്ഷ്മിയുമാണ് മത്സരിച്ചത്. തെരഞ്ഞെടുപ്പില്‍ ഏലംകുളത്ത് സിപിഎം-5, സിപിഐ-1, എല്‍ഡിഎഫ് സ്വത-2, കോണ്‍ഗ്രസ്-3, ലീഗ്-2, സ്വതന്ത്രര്‍- 3 എന്ന നിലയിലാണ് കക്ഷിനില.
അതേസമയം സമീപപ്രദേശമായ കുറുവയും നറുക്കെടുപ്പില്‍ എല്‍ഡിഎഫിന് നഷ്ടമായി. ഇരുമുന്നണികളും ഒപ്പത്തിനൊപ്പമെത്തിയ കുറുവ പഞ്ചായത്ത് ഭരണം നറുക്കെടുപ്പിലൂടെ അവസാന നിമിഷം യുഡിഎഫിന് ലഭിച്ചു. 22 വാര്‍ഡുള്ള പഞ്ചായത്തില്‍ 11 വീതം സീറ്റുകള്‍ നേടി ഇടത് വലത് മുന്നണികള്‍ സമനിലയില്‍ എത്തിയതോടെയാണ് എക്കാലവും യുഡിഎഫിന്റെ ഉരുക്കു കോട്ടയായ കുറുവ നറുക്കടുപ്പിലേക്ക് നീങ്ങിയത്. ഭരണം നേടിയ യുഡിഎഫ് നസീറ മോളെ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്തു. വോട്ടെടുപ്പിലൂടെയാണ് പ്രസിഡന്റിനെ തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *