പി.വി അന്‍വര്‍ എം.എല്‍.എയെ കാണ്‍മാനില്ലെന്ന് പോലീസില്‍ പരാതി

News Politics

നിലമ്പൂര്‍: നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിനെ കാണാനില്ലെന്ന് പോലീസില്‍ പരാതി. യൂത്ത് കോണ്‍ഗ്രസ് മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് മൂര്‍ഖന്‍ ഷംസുദ്ദീന്‍ എന്ന മാനുവാണ് നിലമ്പൂര്‍ പോലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ ഒരു മാസത്തിലധികമായി എം.എല്‍.എയെക്കുറിച്ച് യാതൊരു വിവരമില്ലെന്നും നിയമസഭാ സമ്മേളനത്തില്‍ എം.എല്‍.എ പങ്കെടുത്തിട്ടില്ലെന്നും പരാതിയില്‍ പറയുന്നു. നിലമ്പൂര്‍ സി.എന്‍.ജി റോഡിന്റെ ശോച്യാവസ്ഥയെക്കുറിച്ച് പരാതി പറയാന്‍ എം.എല്‍.എ ഓഫീസിലെത്തിയപ്പോള്‍ സ്ഥലത്തില്ലെന്നാണ് അറിയിച്ചതെന്നും ഒതായിയിലെ വീട്ടിലോ തിരുവനന്തപുരത്തെ എം.എല്‍.എ ക്വാര്‍ട്ടേഴ്സിലോ കഴിഞ്ഞ ഒരു മാസമായി അദ്ദേഹം എത്തിയിട്ടില്ലെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷമാണ് പി.വി അന്‍വര്‍ എം.എല്‍.എ അപ്രത്യക്ഷനായത്. സി.പി.എം ഭരണം പിടിച്ച നിലമ്പൂര്‍ നഗരസഭയിലെ സത്യപ്രതിജ്ഞാ ചടങ്ങിനും എത്തിയിരുന്നില്ല. നിയമസഭയുടെ ബജറ്റ് സമ്മളനത്തിലും പങ്കെടുത്തിരുന്നില്ല. ബജറ്റ് സമ്മേളനത്തില്‍ എല്ലാ എം.എല്‍.എമാരും പങ്കെടുക്കാന്‍ ഇടതുമുന്നണി വിപ്പ് നല്‍കിയിരുന്നെങ്കിലും അന്‍വര്‍ അത് അവഗണിക്കുകയായിരുന്നു.
മറ്റു പാര്‍ട്ടികളില്‍ നിന്നും സി.പി.എമ്മില്‍ ചേര്‍ന്നവര്‍ക്ക് 24ന് നിലമ്പൂര്‍ ചന്തക്കുന്നില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തിലും എം.എല്‍.എ എത്തിയിരുന്നില്ല. എത്തുമെന്ന് എം.എല്‍.എ അറിയച്ചതിനെ തുടര്‍ന്ന് ഫ്ളക്സും ബോര്‍ഡുകളുമടക്കം സ്ഥാപിച്ച് വലിയ പ്രചരണമാണ് പാര്‍ട്ടി നടത്തിയിരുന്നത്. പി.ജയരാജന്‍ ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ സി.പി.എം ജില്ലാ സെക്രട്ടറി അടക്കം പങ്കെടുത്തിട്ടും എം.എല്‍.എ എത്താത്തത് വിവാദമായിരുന്നു. എം.എല്‍.എ ആഫ്രിക്കയിലാണെന്നും ഗള്‍ഫിലാണെന്നുമുള്ള വിവിധ വിവരങ്ങളാണ് പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്നു തന്നെ പ്രചരിക്കുന്നത്. സി.പി.എമ്മും ഇടതുമുന്നണിയും തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളിലക്കു നീങ്ങുമ്പോള്‍ നിലമ്പൂരില്‍ പി.വി അന്‍വര്‍ എം.എല്‍.എയുടെ തിരോധാനം പാര്‍ട്ടി നേതൃത്വത്തിന് തലവേദനയാവുകയാണ്. അന്‍വര്‍എവിടെ എന്ന ചോദ്യത്തിന് ഉത്തരമില്ലാതെ കുഴങ്ങുകയാണിപ്പോള്‍ സി.പി.എം നേതൃത്വം.

Leave a Reply

Your email address will not be published. Required fields are marked *