പി.വി അന്‍വര്‍ എം.എല്‍.എക്ക് ആഫ്രിക്കയിലെ ബിസിനസ് എന്ത്?
എം.എല്‍.എയുടെ വിദേശയാത്രകളും കള്ളപ്പണ ഇടപാടും അന്വേഷിക്കണം: യൂത്ത് കോണ്‍ഗ്രസ്

News Politics

മലപ്പുറം: സുപ്രധാനമായ നിയമസഭാ ബജറ്റ് സമ്മേളനത്തില്‍ പോലും പങ്കെടുക്കാതെ പി.വി അന്‍വര്‍ ആഫ്രിക്കയില്‍ നടത്തുന്ന ബിസിനസ് എന്തെന്ന് സി.പി.എം നേതൃത്വം വെളിപ്പെടുത്തണമെന്ന് നിലമ്പൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
നിലമ്പൂരിലെ ജനകീയ പ്രശ്‌നങ്ങളില്‍ ഒന്നില്‍പോലും ഇടപെടാതെ കഴിഞ്ഞ 45 ദിവസത്തിലധികമായി പി.വി അന്‍വര്‍ എം.എല്‍.എ എവിടെയുണ്ടെന്ന് ആര്‍ക്കുമറിയാത്ത അവസ്ഥയായിരുന്നു. ഈ സാഹചര്യത്തിലാണ് എം.എല്‍.എയെ കാണാനില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് പോലീസില്‍ പരാതി നല്‍കിയത്. ഇതോടെ താന്‍ ബിസിനസ് ആവശ്യത്തിന് ആഫ്രിക്കയിലാണെന്നാണ് പി.വി അന്‍വര്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. രാഷ്ട്രീയ പ്രവര്‍ത്തനമല്ല തന്റെ വരുമാനമാര്‍ഗമെന്നും നിയമസഭാ അംഗം എന്ന നിലയില്‍ ലഭിക്കുന്ന അലവന്‍സിനേക്കാള്‍ എത്രയോ അധികം തുക ഓരോ മാസങ്ങളിലും ചിലവഴിക്കുന്നുണ്ടെന്നുമാണ് എം.എല്‍.എ വ്യക്തമാക്കിയത്. എന്നാല്‍ ഈ വിശദീകരണം ദുരൂഹത പടര്‍ത്തുകയാണ്. പി.വി അന്‍വര്‍ പൊന്നാനിയില്‍ മത്സരിക്കുമ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച് ആദായനികുതി കണക്കില്‍ 2017-18 സാമ്പത്തിക വര്‍ഷം 40,59,083 രൂപയുടെ വരുമാന നഷ്ടമാണ് കാണിച്ചിരിക്കുന്നത്. ഇത്തരത്തില്‍ വലിയ കടബാധ്യതയുള്ള പി.വി അന്‍വര്‍ എം.എല്‍.എ എങ്ങിനെയാണ് ആഫ്രിക്കയില്‍ ബിസിനസ് നടത്തുകയും വലിയ തുക ചെലവഴിക്കുകയും ചെയ്യുക എന്നത് വ്യക്തമാക്കണം.

59 പേരുടെ മരണത്തിനിടയാക്കിയ കവളപ്പാറ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പേരില്‍പോലും ഭൂമികച്ചവടം നടത്തിയ മനുഷ്യത്വമില്ലാത്ത ക്രൂരനായ കച്ചവടക്കാരനാണ് പി.വി അന്‍വര്‍. പ്രളയദുരിതബാധിതര്‍ക്ക് സുമനസുകള്‍ സൗജന്യമായി നല്‍കിയ സ്ഥലം സര്‍ക്കാരിനെകൊണ്ട് ഏറ്റെടുപ്പിക്കാന്‍ എം.എല്‍.എ സമ്മര്‍ദ്ദം ചെലുത്തിയെന്ന് തുറന്നു പറഞ്ഞത് മലപ്പുറം കളക്ടറാണ്. പ്രളയ പുനരധിവാസത്തിനു വേണ്ടി റീബില്‍ഡ് നിലമ്പൂരെന്ന പേരില്‍ സ്വന്തം അക്കൗണ്ടിലേക്ക് ലക്ഷങ്ങള്‍ പിരിച്ചെടുത്തിട്ടും നയാപൈസപോലും ചെലവഴിക്കാത്ത തട്ടിപ്പുകാരനാണ് അന്‍വര്‍. വയനാടിനും ഇടുക്കിക്കും പ്രളയ പുനരധിവാസത്തിന് സര്‍ക്കാര്‍ പ്രത്യേക പാക്കേജ് അവതരിപ്പിച്ചിട്ടും രണ്ടു പ്രളയങ്ങള്‍ ഏറ്റുവാങ്ങിയ നിലമ്പൂരിന് ഒരു സ്പെഷല്‍ പാക്കേജ് പോലും കൊണ്ടുവരാന്‍ കഴിയാത്ത കഴിവുകെട്ട പൂര്‍ണപരാജയമായ ജനപ്രതിനിധിയാണ് പി.വി അന്‍വര്‍.
അഞ്ച് വര്‍ഷം കൊണ്ട് വികസനമില്ലാതെ നിലമ്പൂര്‍ തകര്‍ന്നടിഞ്ഞപ്പോള്‍ പി.വി അന്‍വര്‍ എം.എല്‍.എയാണ് വികസിച്ച് വളര്‍ന്നത്. 2016ല്‍ നിലമ്പൂരില്‍ എം.എല്‍.എയായി മത്സരിക്കുമ്പോള്‍ 14.38 കോടി രൂപയായിരുന്നു പി.വി അന്‍വറിന്റെ ആസ്തി. 2019തില്‍ പൊന്നാനിയില്‍ മത്സരിക്കുമ്പോള്‍ ആസ്തി 49.95 കോടിയായി കുത്തനെ വര്‍ധിച്ചു. ആദായനികുതി അടയ്ക്കാത്ത പി.വി അന്‍വര്‍ 49.95 കോടിയുടെ സ്വത്തുക്കള്‍ ആര്‍ജ്ജിച്ചതെങ്ങനെ എന്ന് വ്യക്തമാക്കണം.
സ്വര്‍ണക്കടത്തും മയക്ക്മരുന്ന് ഇടപാടും ഖനനവുമാണ് പല ആഫ്രിക്കന്‍ രാജ്യങ്ങളിലേയും മാഫിയാ ബിസിനസ്. ഇത്തരം ബിസിനസിനാണോ എം.എല്‍.എ ആഫ്രിക്കയില്‍ പോയതെന്ന ആശങ്കയുണ്ട്. പി.വി അന്‍വര്‍ എം.എല്‍.എയുടെ വിദേശയാത്രകളും ബിസിനസുകളും കള്ളപ്പണ ഇടപാടുകളെയുംകുറിച്ച് സര്‍ക്കാര്‍ സമഗ്ര അന്വേഷണം നടത്തണം.
നിലമ്പൂരില്‍ എം.എല്‍.എയായ ഉടന്‍ പൂക്കോട്ടുംപാടത്തെ റീഗള്‍ എസ്റ്റേറ്റ് ഗുണ്ടാസംഘത്തെ ഉപയോഗിച്ച് പിടിച്ചെടുക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയാവുകയായിരുന്നു എം.എല്‍.എ. മംഗലാപുരത്ത് ക്രഷറില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് സി.പി.എം സഹയാത്രികനായ മലപ്പുറം നടുത്തൊടി സലീമില്‍ നിന്നും 50 ലക്ഷം തട്ടിയെടുത്ത വഞ്ചനാകേസിലെ പ്രതിയാണ് പി.വി അന്‍വര്‍. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് പി.വി അന്‍വറിനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുകയാണ്. നാടിന്റെ വികസനമല്ല തട്ടിപ്പും വെട്ടിപ്പും ഭൂമിപിടുത്തവും നടത്തി സ്വന്തം സമ്പത്ത് വികസിപ്പിക്കുകയാണ് പി.വി അന്‍വര്‍.
നിലമ്പൂര്‍ നിയോജകമണ്ഡലമെന്നാല്‍ നിലമ്പൂര്‍ നഗരസഭ മാത്രമല്ലെന്ന് പി.വി അന്‍വര്‍ എം.എല്‍.എയെ ഓര്‍മ്മിപ്പിക്കുന്നു. നിലമ്പൂര്‍ നിയോജകമണ്ഡലത്തില്‍ ഏഴു പഞ്ചായത്തുകളില്‍ 5 പഞ്ചായത്തിലും യു.ഡി.എഫാണ് ഭരിക്കുന്നത്. സി.പി.എം ഭരിച്ചിരുന്ന വഴിക്കടവ്, മൂത്തേടം, കരുളായി പഞ്ചായത്തുകള്‍ യു.ഡി.എഫ് പിടിച്ചെടുക്കുകയും ചുങ്കത്തറ, എടക്കര പഞ്ചായത്തുകളില്‍ ഭരണം നിലനിര്‍്ത്തുകയും ചെയ്തു. തദ്ദേശ തെരഞ്ഞെടുപ്പില്‍ നിയോജകമണ്ഡലത്തില്‍ ഭൂരിപക്ഷം യു.ഡി.എഫിനാണ്. കള്ളപ്പണമൊഴുക്കി ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള പി.വി അന്‍വര്‍ എം.എല്‍.എയുടെ നീക്കത്തിന് ജനങ്ങള്‍ നല്‍കിയ തിരിച്ചടിയാണ് നിലമ്പൂരില്‍ യു.ഡി.എഫിന്റെ മുന്നേറ്റം. അന്‍വറിന്റെ കള്ള കച്ചവടം ഇനി നടക്കില്ലെന്ന് പറയാനുള്ള ആര്‍ജ്ജവമെങ്കിലും സി.പി.എം നേതൃത്വം കാണിക്കണമെന്നും ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ യൂത്ത് കോണ്‍ഗ്രസ് നിലമ്പൂര്‍ മുനിസിപ്പല്‍ പ്രസിഡന്റ് മൂര്‍ഖന്‍ ഷംസുദ്ദീന്‍, വഴിക്കടവ് മണ്ഡലം മുന്‍ പ്രസിഡന്റ് ജൂഡി തോമസ്, അമരമ്പലം മണ്ഡലം പ്രസിഡന്റ് പി. അമീര്‍, വഴിക്കടവ് മണ്ഡലം പ്രസിഡന്റ് റിഫാന്‍ വഴിക്കടവ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *