കേരള എന്‍സിപി; പാര്‍ട്ടി രൂപീകരണത്തിനൊരുങ്ങി മാണി സി കാപ്പന്‍

News Politics

കേരള എന്‍സിപി എന്ന പേരില്‍ ഈ മാസം തന്നെ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് മാണി സി കാപ്പന്‍ എംഎല്‍എ. യുഡിഎഫ് പ്രവേശനം സംബന്ധിച്ച് പാര്‍ട്ടി രൂപീകരണത്തിന് ശേഷം ധാരണയാകുമെന്നും മൂന്നു സീറ്റുകള്‍ പ്രതീക്ഷിക്കുന്നതായും കാപ്പന്‍ പറഞ്ഞു.

22ാം തീയതി തിരുവനന്തപുരത്ത് ചര്‍ച്ച നടത്തുന്നുണ്ട്. ഇലക്ഷന്‍ കമ്മീഷന്റെ അംഗീകാരം കൂടി ലഭിക്കേണ്ടതായുണ്ടെന്നും കാപ്പന്‍ പറഞ്ഞു. കൊടിയുടെ രൂപഘടനയും തീരുമാനിച്ചെന്നും കാപ്പന്‍.പാര്‍ട്ടിയില്‍ നിന്ന് രാജി വച്ച ശേഷവും എന്‍സിപി ദേശീയ നേതൃത്വം മാണി സി കാപ്പനെ പുറത്താക്കിയത് കാപ്പന്റെ തന്നെ ആവശ്യപ്രകാരമെന്ന് സൂചന പുറത്തുവന്നിരുന്നു. പുറത്താക്കിയതോടെ അയോഗ്യതാ ഭീഷണിയും പുതിയ പാര്‍ട്ടി രൂപീകരണത്തിലെ നിയമ തടസങ്ങളും മാറി. യുഡിഎഫ് സഹകരണത്തിനുള്ള കാപ്പന്റെ നീക്കങ്ങള്‍ക്ക് ശരത് പവാറിന്റെ മൗനാനുവാദമാണ് ഇതോടെ വ്യക്തമാകുന്നത്.

യുഡിഎഫ് പ്രവേശന നീക്കം പ്രഖ്യാപിച്ചതോടെ പാര്‍ട്ടി അംഗത്വം രാജി വച്ചതായി മാണി സി കാപ്പന്‍ അറിയിച്ചിരുന്നു. കാപ്പനും ഒപ്പമുള്ള പത്ത് നേതാക്കളും രാജി സമര്‍പ്പിച്ചതായി എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരനും സ്ഥിരീകരിച്ചു. ഇതിനു പിന്നാലെ തിങ്കളാഴ്ച വൈകീട്ടോടെയാണ് മാണി സി കാപ്പന്‍ എംഎല്‍എയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി എന്‍സിപി ദേശീയ നേതൃത്വത്തിന്റെ അറിയിപ്പുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *