ഈ ശ്രീധരന്റെ രാഷ്ട്രീയ പ്രവേശനം കേരളത്തില്‍ ഒരു സ്വാധീനവും ഉണ്ടാക്കില്ല: ശശി തരൂര്‍

News Politics

ന്യൂദല്‍ഹി: മെട്രോമാന്‍ ഈ ശ്രീധരന്റെ രാഷ്ട്രീയ പ്രവേശനം കേരളത്തില്‍ ഒരു സ്വാധീനവും ഉണ്ടാക്കില്ലെന്ന് ശശി തരൂര്‍ എംപി. സംസ്ഥാനത്തെ നിയമസഭ തെരഞ്ഞെടുപ്പില്‍ കുറച്ചു സീറ്റുകളിലൊഴിച്ച് ബിജെപി മുഖ്യപോരാളിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു സീറ്റ് നേടിയ 2016 തെരഞ്ഞെടുപ്പിലെ പ്രകടനത്തേക്കാള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. ഇ ശ്രീധരന്‍ രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുകയാണെന്നും ബിജെപിയില്‍ ചേരുമെന്നുള്ള വിവരം അറിഞ്ഞപ്പോള്‍ താന്‍ അത്ഭുതപ്പെട്ടെന്നും ശശി തരൂര്‍ പറഞ്ഞു.

എഞ്ചിനീയറിംഗ് പദ്ധതികള്‍ നിരവധി നടത്തി വര്‍ഷങ്ങളുടെ പരിചയം ഉള്ള ശ്രീധരന്‍ കലഹശീലമുള്ള ജനാധിപത്യ വ്യവസ്ഥയില്‍ ഏതെങ്കിലും നയങ്ങള്‍ മുന്നോട്ട് വെക്കുകയോ നടപ്പിലാക്കുകയോ ചെയ്തിട്ടില്ല. അതാണ് ശ്രീധരന്റെ രാഷ്ട്രീയ പ്രവേശനത്തില്‍ താന്‍ അത്ഭുതം കൂറിയതെന്നും ശശി തരൂര്‍ പറഞ്ഞു.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇ ശ്രീധരന്‍ മത്സരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. അദ്ദേഹം മുഖ്യമന്ത്രി പദവി ഉള്‍പ്പെടെ ഏത് പദവിയും വഹിക്കാന്‍ യോഗ്യനായിട്ടുള്ള ആളാണെന്നും അത് കേരളത്തിലെ നിഷ്പക്ഷ ജനത ആഗ്രഹിക്കുന്നുണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. മനോരമ ന്യൂസിനോട് പ്രതികരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ബിജെപിയുടെ വിജയ യാത്രക്കിടെ നിരവധി പ്രമുഖര്‍ ബിജെപിയില്‍ ചേരുമെന്നും അവരുടെ പേര് ഇപ്പോള്‍ പ്രഖ്യാപിക്കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
അതേസമയം തന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ തീരുമാനം എടുക്കേണ്ടത് കേന്ദ്ര നേതൃത്വമാണെന്നും അതിനായി കാത്തിരിക്കണമെന്നുമായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *