നിയമസഭാ തെരെഞ്ഞടുപ്പിന് യു.ഡി.എഫ് സജ്ജം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

News Politics

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് യു.ഡി.എഫ് സജ്ജമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുന്നണിയിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്. ഘടകകക്ഷികളുമായി കൂടിയാലോചന നടത്തി തിങ്കളാഴ്ചയോടെ ചര്‍ച്ചകള്‍ പൂര്‍ത്തിയാകും. ബുധനാഴ്ച ചേരുന്ന യുഡിഎഫ് യോഗത്തില്‍ ഘടക കക്ഷികള്‍ക്കുള്ള സീറ്റുകള്‍ പ്രഖ്യാപിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയ്ക്കും ബുധനാഴ്ച അന്തിമ രൂപം നല്‍കും. പ്രകടനപത്രിക പുറത്തിറക്കുന്ന തീയതിയും അന്നുതന്നെ പ്രഖ്യാപിക്കും. അഞ്ച് വര്‍ഷത്തെ ജനദ്രോഹ, അഴിമതി ഭരണത്തിനെതിരേ കേരളം ഒറ്റക്കെട്ടായി അണിനിരക്കുമെന്ന് പൂര്‍ണ വിശ്വാസമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചു. മെയ് രണ്ടിന് ഒരു ഘട്ടമായാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടത്തുന്നത്. മാര്‍ച്ച് മൂന്നിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിര്‍ദ്ദേശ പ്ത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 20, സൂഷ്മ പരിശോധന മാര്‍ച്ച് 22 ന് നടക്കും. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍. നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പും നടക്കും. കേരളത്തെ കൂടാതെ പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, അസം സംസ്ഥാനങ്ങളിലെയും, കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും നിയമസഭാ തെരഞ്ഞെടുപ്പ് തീയതികളാണ് പ്രഖ്യാപിച്ചത്. കമ്മീഷന്റെ സമ്പൂര്‍ണ യോഗം ഇന്ന് ചേര്‍ന്നിരുന്നു. ഇതിനു പിന്നാലെചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ സുനില്‍ അറോറ, ഡെപ്യൂട്ടി കമ്മീഷണര്‍മാരായ സുശീല്‍ ചന്ദ്ര, രാജീവ് കുമാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനം നടത്തിയാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്.

കേരളത്തില്‍ 40771 പോളിംഗ് ബൂത്തുകള്‍ സജ്ജീകരിക്കും. പോളിംഗ് ബൂത്തുകളുടെ എണ്ണം 89.65 ശതമാനമായാണ് സംസ്ഥാനത്ത് വര്‍ധിപ്പിച്ചിരിക്കുന്നത്. കോവിഡ് സാഹചര്യത്തിലാണ് ബൂത്തുകളുടെ എണ്ണം കൂട്ടിയത്. കോവിഡ് പരിഗണിച്ച് ജനങ്ങളുടെ സുരക്ഷ പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് ഒരുക്കള്‍ നടത്തുന്നതെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. പോളിങ് സമയം ഒരുമണിക്കൂര്‍ നീട്ടി. മുതിര്‍ന്ന പൗരന്മാര്‍ക്കും അംഗപരിമിതര്‍ക്കും പോസ്റ്റല്‍ ബാലറ്റ് സൗകര്യം തുടരും. വീടുകയറിയുള്ള പ്രചാരണത്തിന് അഞ്ചുപേര്‍ മാത്രം. വാഹന റാലിക്ക് അഞ്ചു വാഹനങ്ങള്‍ മാത്രം. പത്രിക സമര്‍പ്പണത്തിന് രണ്ടുപേര്‍. ഓണ്‍ലൈനായും പത്രിക നല്‍കാം. എല്ലാ ബൂത്തുകളും കെട്ടിടത്തിന്റെ താഴത്തെ നിലയിലായിരിക്കും. കേരളത്തിലെ തെരഞ്ഞെടുപ്പ് നിരീക്ഷകനായി ദീപക് മിശ്രയെ ഐ.പി.എസിനെ നിയോഗിച്ചു.

തെരഞ്ഞെടുപ്പ് തീയതി തീരുമാനിച്ചത് ഉത്സവങ്ങളും പരീക്ഷകളും പരിഗണിച്ചാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വിഷു, ഈസ്റ്റര്‍ തുടങ്ങിയ ആഘോഷങ്ങള്‍ കണക്കിലെടുത്ത് ഏപ്രില്‍ 15ന് മുന്‍പ് തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് കേരളത്തിലെ പ്രമുഖ കക്ഷികളൊക്കെ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ഇതുകൂടി പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *