ആര്‍എസ്എസ് രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ആസൂത്രിതമായ ആക്രമണങ്ങളിലൂടെ ആണ് ജനാധിപത്യത്തെ ആര്‍എസ്എസ് അട്ടിമറിക്കുന്നതെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അട്ടിമറിക്കുകയും മാധ്യമ സ്ഥാപനങ്ങളേയും മാധ്യമപ്രവര്‍ത്തകരേയും ആക്രമിക്കുകയുമാണ് ആര്‍എസ്എസും സംഘവുമെന്നും രാഹുല്‍ പറഞ്ഞു.
തൂത്തുക്കുടിയിലെ വിഒസി കോളജില്‍ രൂക്ഷവിമര്‍ശനങ്ങളാണ് രാഹുല്‍ ഗാന്ധി ആര്‍എസ്എസിനെതിരെ ഉന്നയിച്ചത്. ഒരു രാഷ്ട്രം അതിലെ ഭരണഘടനാ സ്ഥാപനങ്ങള്‍ തമ്മിലുള്ള സന്തുലിതാവസ്ഥയിലാണ് നിലനില്‍ക്കുന്നത്. അത് ഇന്ത്യയില്‍ നഷ്ടപ്പെട്ടിരിക്കുന്നു. സന്തുലിതാവസ്ഥ നഷ്ടമായതിനാല്‍ രാഷ്ട്രം അസ്വസ്ഥമാണ്. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളായ ലോക്സഭ, നിയമസഭ, പഞ്ചായത്തുകള്‍ പിന്നെ ജുഡീഷ്യറി, സ്വതന്ത്ര മാധ്യമങ്ങള്‍ ഇതൊക്കെ രാജ്യത്ത് ആക്രമിക്കപ്പെടുകയാണ്.
കഴിഞ്ഞ ആറ് വര്‍ഷമായി ജനാധിപത്യ സ്ഥാപനങ്ങള്‍ക്കെതിരായ ആസൂത്രിതമായ ആക്രമണം രാജ്യത്ത് നടക്കുന്നു. ഇന്ത്യയിലെ ജനാധിപത്യം മരിച്ചുവെന്ന് നിങ്ങളോട് പറയാന്‍ തനിക്ക് സങ്കടമുണ്ടെന്നും രാഹുല്‍ വിമര്‍ശിച്ചു. ആര്‍എസ്എസ് വന്‍തോതില്‍ ധനസമ്പാദനം നടത്തിയതായും രാഹുല്‍ ആരോപിച്ചു. രാഹുലിന്റെ പ്രസ്താവനയെ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് വിമര്‍ശിച്ചു. ഇത്ര ഗുരുതരമായ പ്രതിപക്ഷ ബഹുമാനം ഇല്ലാത്ത അവസ്ഥയാണ് ജനാധിപത്യത്തെ തകര്‍ക്കുന്നത്. എന്തും പറയും എന്ന അവസ്ഥയിലേക്ക് രാഹുലിന്റെ ജനാധിപത്യ ബോധം തരം താഴ്ന്നതായി നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് കുറ്റപ്പെടുത്തി.