അടുത്തമാസം പത്തിന് മുന്‍പ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്താനുള്ള നീക്കങ്ങളുമായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി നാല്, അഞ്ച് തിയതികളില്‍ സംസ്ഥാനസമിതി യോഗം ചേരും. രണ്ടാംഘട്ട ഉഭയകക്ഷി ചര്‍ച്ചകള്‍ അടുത്തദിവസങ്ങളില്‍ നടത്താനും സെക്രട്ടേറിയറ്റ് തീരുമാനിച്ചു. പുതിയ ഘടക കക്ഷികള്‍ക്കായി സ്വന്തം അക്കൗണ്ടില്‍ നിന്നും കൂടുതല്‍ സീറ്റുകള്‍ വിട്ടുനല്‍കാനും ധാരണയായി.
എട്ട് സ്വതന്ത്രര്‍ ഉള്‍പ്പെടെ 92 സീറ്റുകളായിരുന്നു 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിന്. പുതിയ ഘടക കക്ഷികള്‍ക്കായി ഇക്കുറി കുറഞ്ഞത് എട്ടുസീറ്റുകളെങ്കിലും പാര്‍ട്ടിക്ക് നഷ്ടപ്പെടുത്തേണ്ടി വരും. സിപിഐ ഉള്‍പ്പെടെയുള്ള ഘടക കക്ഷികളില്‍ നിന്ന് കൂടുതല്‍ സീറ്റുകള്‍ പിടിച്ചെടുക്കേണ്ടതില്ലെന്നാണ് പ്രാഥമിക ധാരണ. ആദ്യം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണ രംഗത്ത് മേല്‍ക്കൈ നേടുന്ന ശൈലിക്ക് ഇക്കുറിയും മാറ്റമുണ്ടാകില്ല. ഉഭയകക്ഷി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയ ശേഷം എല്‍ഡിഎഫ് യോഗം ചേരും.
തിങ്കളാഴ്ച മുതല്‍ സിപിഐഎമ്മിന്റെ ജില്ലാകമ്മിറ്റികള്‍ ചേര്‍ന്ന് ഓരോ മണ്ഡലത്തിലേക്കുമുള്ള സ്ഥാനാര്‍ത്ഥി പാനല്‍ തയാറാക്കും. നാല്, അഞ്ച് തിയതികളില്‍ നടക്കുന്ന സംസ്ഥാന സമിതി ജില്ലാ കമ്മിറ്റികളുടെ നിര്‍ദേശം ചര്‍ച്ച ചെയ്യും.