തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചിട്ടും നാട്ടിലെത്താതെ പി.വി അന്‍വര്‍; പ്രചരണ ആയുധമാക്കാനൊരുങ്ങി യുഡിഎഫ്

News Politics

തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചിട്ടും നാട്ടിലില്ലാത്ത പി.വി. അന്‍വര്‍ എംഎല്‍എയുടെ അസാന്നിധ്യം പ്രചാരണ ആയുധമാക്കാനൊരുങ്ങി യുഡിഎഫ്. നിലമ്പൂരില്‍ പി.വി. അന്‍വര്‍ വീണ്ടും മത്സരിച്ചേക്കുമെന്ന സൂചനകള്‍ക്കിടെയാണ് യുഡിഎഫിന്റെ പ്രചാരണം. ബിസിനസ് ആവശ്യത്തിന് വിദേശത്ത് പോയ പി.വി. അന്‍വര്‍ ഉടന്‍ മടങ്ങി വരുമെന്നാണ് സിപിഐഎമ്മിന്റെ വിശദീകരണം.

രണ്ടു മാസത്തിലധികമായി പി.വി. അന്‍വര്‍ എംഎല്‍എയുടെ അസാന്നിധ്യം മലപ്പുറം ജില്ലയിലെ രാഷ്ട്രീയ വേദികളില്‍ സ്ഥിരം ചര്‍ച്ചയാണ്. എംഎല്‍എക്കെതിരെ ഇതിനിടെ നിരവധി ആരോപണങ്ങളുമുയര്‍ന്നു. എന്നാല്‍ ബിസിനസ് ആവശ്യത്തിനായി ആഫ്രിക്കന്‍ രാജ്യമായ സിയോറ ലിയോണയിലാണുള്ളതെന്ന് പി.വി. അന്‍വര്‍ തന്നെ വ്യക്തമാക്കി . ഉടന്‍ തിരിച്ചു വരുമെന്നും അന്‍വര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.

എന്നാല്‍ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചിട്ടും പി.വി.അന്‍വര്‍ മടങ്ങി എത്തിയില്ല. വിഷയം സജീവ പ്രചാരണ ആയുധമാക്കുകയാണ് യുഡിഎഫ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും മടങ്ങി വരാത്തതില്‍ ദുരൂഹതയുണ്ടെന്നാണ് യുഡിഎഫിന്റെ ആരോപണം. എംഎല്‍എയുടെ വിദേശ യാത്രയില്‍ അസ്വാഭാവികതയില്ലെന്നും ഉടന്‍ മടങ്ങി വരുമെന്നുമാണ് സിപിഐഎം ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം.

കൈവിട്ടു പോയ നിലമ്പൂര്‍ മണ്ഡലം ഇത്തവണ തിരിച്ചു പിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ് യുഡിഎഫ്. എംഎല്‍എ യുടെ അസാനിധ്യം തന്നെയാണ് യുഡിഎഫ് മണ്ഡലത്തില്‍ പ്രധാന പ്രചാരണായുധമാക്കുന്നത്. പി.വി. അന്‍വര്‍ വീണ്ടും ഇടത്പക്ഷ സ്ഥാനാര്‍ത്ഥിയായി നിലമ്പൂരില്‍ മത്സരിച്ചേക്കുമെന്നാണ് സൂചനകള്‍.

Leave a Reply

Your email address will not be published. Required fields are marked *