നിലമ്പൂര്‍ മണ്ഡലത്തില്‍ വീണ്ടും പി.വി അന്‍വറിനെ സ്ഥാനാര്‍ത്ഥിയാക്കാനൊരുങ്ങി സി.പി.ഐ.എം

News Politics

നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ പുരോഗമിക്കവെ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ മണ്ഡലത്തിലില്ലാത്തത് വലിയ ചര്‍ച്ചയാവുകയാണ്. ഇതിനിടെ മണ്ഡലത്തില്‍ വിഎം ഷൗക്കത്തിന്റേതുള്‍പ്പെടെ നിരവധി പേരുകള്‍ ഉയരുന്നുണ്ടെങ്കിലും വിജയസാധ്യത പിവി അന്‍വറിന് തന്നെയാണെന്ന വിലയിരുത്തലിലാണ് സിപിഐഎം. പിവി അന്‍വറിനെ ഒരിക്കല്‍ കൂടി മത്സരിപ്പിക്കണമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ നിര്‍ദേശം.

നിലമ്പൂരിലെ ജനങ്ങള്‍ക്ക് തന്നില്‍ വിശ്വാസമുണ്ടെന്നും പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ താന്‍ വീണ്ടും മത്സരിക്കുമെന്നും എംഎല്‍എ അറിയിച്ചതായി കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ സ്റ്റാഫ് അംഗങ്ങള്‍ പറഞ്ഞിരുന്നു.

ബിസിനസ്സ് ആവശ്യങ്ങള്‍ക്കായി ആഫ്രിക്കയിലേക്ക് പോയ പിവി അന്‍വര്‍ ഒരാഴ്ച്ചയ്ക്കകം മടങ്ങിയെത്തുമെന്ന് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ അറിയിച്ചത്. എംഎല്‍എയുടെ വിദേശയാത്രയില്‍ അസ്വാഭാവികതയൊന്നുമില്ലെന്ന വിശദീകരണവുമായി പാര്‍ട്ടി ജില്ലാ നേതൃത്വവും എത്തിയിരുന്നു. അന്‍വര്‍ ഉടന്‍ മടങ്ങിവരുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസും വ്യക്തമാക്കി.

അന്‍വര്‍ എംഎല്‍എയെ കാണാനില്ലെന്ന് കാണിച്ച് യൂത്ത് കോണ്‍ഗ്രസ് നേരത്തെ നിലമ്പൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെ, ഘാനയില്‍ അദ്ദേഹം അറസ്റ്റിലാണെന്ന തരത്തില്‍ ചില മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കുകയും ചെയ്തിരുന്നു. ഇതോടെയാണ് പ്രതികരണവുമായി എംഎല്‍എ രംഗത്തെത്തിയത്. ബജറ്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോലുമാകാത്ത തരം എന്ത് ബിസിനസാണ് പിവി അന്‍വര്‍ നടത്തുന്നതെന്ന് അന്വേഷിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ബജറ്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തത് താന്‍ ബിസിനസ്സ് ആവശ്യത്തിനായി ആഫ്രിക്കയിലായത് കൊണ്ടാണെന്ന് എംഎല്‍എ ഫേസ്ബുക് പോസ്റ്റിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *