ഘടകകക്ഷികള്‍ക്ക് സീറ്റ് നല്‍കുന്നതിനെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം

News Politics

ഘടകകക്ഷികള്‍ക്ക് സീറ്റ് നല്‍കുന്നതിനെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം. ആര്‍എസ്പിക്ക് കൈപ്പമംഗലം സീറ്റ് നല്‍കുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രമേയം പാസാക്കി. ചേലക്കരയില്‍ ലീഗിന് സീറ്റ് നല്‍കുന്നതിനെതിരെയും പ്രമേയം പാസാക്കിയിട്ടുണ്ട്. തിരുവല്ലയില്‍ കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കിയാല്‍ തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടു നില്‍ക്കുമെന്ന് ഡിസിസി പ്രസിഡണ്ടിനും കെപിസിസി നേതൃത്വത്തിനും പ്രാദേശിക നേതൃത്വം കത്തയച്ചു.

നിയമസഭ തെരഞ്ഞെടുപ്പില്‍ കൈപ്പമംഗലം സീറ്റ് ആര്‍എസ്പിക്ക് നല്‍കുന്നതിനെതിരെയായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ ഒരു പ്രമേയം. മണ്ഡലത്തില്‍ ആര്‍എസ്പിക്ക് സ്വാധീനമില്ലെന്നും രാഷ്ട്രീയ സാഹചര്യം കോണ്‍ഗ്രസിന് അനുകൂലമാണെന്നും പ്രമേയത്തില്‍ പറയുന്നു. ആര്‍എസ്പിക്ക് സീറ്റ് നല്‍കിയാല്‍ അത് ബിജെപിക്ക് ഗുണമാകുമെന്നും യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.

ചേലക്കരയില്‍ ലീഗിന് സീറ്റ് വിട്ട് നല്‍കരുത്. പകരം യുഡിഎഫിനു വേണ്ടി പ്രാദേശിക കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തന്നെ വേണമെന്നാവശ്യപെട്ടാണ് യൂത്ത് കോണ്‍ഗ്രസിന്റെ മറ്റൊരു പ്രമേയം. ശിവന്‍ വീട്ടിക്കുന്നിനെ സ്ഥാനാര്‍ഥി ആക്കണമെന്നാണ് ആവശ്യം.

അതേസമയം, പത്തനംതിട്ടയില്‍ തിരുവല്ല സീറ്റ് കോണ്‍ഗ്രസ് തിരിച്ച് എടുക്കണമെന്നും കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കിയാല്‍ തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടു നില്‍ക്കുമെന്നും വ്യക്തമാക്കി പ്രാദേശിക നേതൃത്വം ഡിസിസി പ്രസിഡണ്ടിനും കെപിസിസി നേതൃത്വത്തിനും കത്തയച്ചു. രണ്ടു ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് മാരും 15 മണ്ഡലം പ്രസിഡണ്ടുമാരും ചേര്‍ന്നാന്ന് കത്തയച്ചിരിക്കുന്നത്. കേരള കോണ്‍ഗ്രസ് മത്സരിക്കുന്ന തിരുവല്ലയില്‍ പരാജയമാണെന്നും പിളര്‍പ്പിന് ശേഷം കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് നിയോജകമണ്ഡലത്തില്‍ യാതൊരു ജനകീയ അടിത്തറയും ഇല്ലെന്നുമാണ് ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *