മാവേലിക്കരയില്‍ ഡി വൈ എഫ് ഐ നേതാവ് ബി ജെ പി സ്ഥാനാര്‍ഥി

News Politics

മാവേലിക്കര: സ്ഥാനാര്‍ഥി നിര്‍ണയം ഏറെക്കുറെ പൂര്‍ത്തിയായതോടെ മിക്കയിടത്തും അതൃപ്തരുടെ പൊട്ടിത്തെറികള്‍ തുടരുകയാണ്. സംവരണ മണ്ഡലമായ മാവേലിക്കരയില്‍ ഡി വൈ എഫ് ഐ നേതാവ് ബി ജെ പി സ്ഥാനാര്‍ഥിയായി. ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി അംഗം കെ സഞ്ജുവാണ് അപ്രതീക്ഷിതമായി ബി ജെ പി സ്ഥാനാര്‍ഥിയായത്. സംവരണ മണ്ഡലമായ മാവേലിക്കരയില്‍ നേരത്തെ ഇടുക്കിയില്‍ നിന്നുള്ള യുവമോര്‍ച്ച നേതാവിനെ ആയിരുന്നു പരിഗണിച്ചിരുന്നത്. എന്നാല്‍, സഞ്ജു സ്ഥാനാര്‍ഥി ആകുകയായിരുന്നു.

ആലപ്പുഴ ജില്ലയില്‍ സി പി എം വിട്ട് എന്‍ ഡി എ സ്ഥാനാര്‍ഥിയാകുന്ന രണ്ടാമത്തെ നേതാവാണ് സഞ്ജു. ഡി വൈ എഫ് ഐ ജില്ലാ ട്രഷററും പാര്‍ട്ടി ഏരിയ കമ്മിറ്റി അംഗവുമായ എം എസ് അരുണ്‍കുമാറാണ് ഇവിടെ എല്‍ ഡി എഫിന്റെ സ്ഥാനാര്‍ഥി.

സി പി എം അംഗവും മുന്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും ആയിരുന്നു സഞ്ജു. ഡി വൈ എഫ് ഐ ചാരുംമൂട് പ്രാദേശിക ഘടകം നേതാവും ആയിരുന്നു. സഞ്ജു ഉള്‍പ്പെടെ നിരവധി അപ്രതീക്ഷിത സ്ഥാനാര്‍ഥികളാണ് ഇത്തവണ ബി ജെ പിയുടെ സ്ഥാനാര്‍ഥി പട്ടികയില്‍ ഇട പിടിച്ചത്.

ഡി വൈ എഫ് ഐ ചേര്‍ത്തല മുന്‍ ഏരിയ പ്രസിഡന്റും മരുത്തോര്‍വട്ടം ലോക്കല്‍ കമ്മിറ്റി അംഗവും തണ്ണീര്‍മുക്കം പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ അഡ്വ പി എസ് ജ്യോതിസ് ചേര്‍ത്തലയില്‍ ബി ഡി ജെ എസ് സ്ഥാനാര്‍ഥി ആയിരുന്നു.

അതേസമയം, കോണ്‍ഗ്രസ് വിട്ടുവന്ന പന്തളം പ്രതാപന്‍ അടൂരില്‍ നിന്ന് ബി ജെ പിക്കായി മത്സരിക്കും. തിരൂരില്‍ ബി ജെ പി സ്ഥാനാര്‍ഥി ആയി മത്സരിക്കുന്നത് കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ആയിരുന്ന ഡോ അബ്ദുള്‍ സലാം ആണ്.

സാമൂഹിക – സാംസ്‌കാരിക രംഗത്തെ പ്രമുഖരും പുതുമുഖങ്ങളും ഇത്തവണത്തെ ബി ജെ പി പട്ടികയില്‍ ഇടം നേടിയിരുന്നു. സീരിയല്‍ നടന്‍ വിവേക് ഗോപന്‍ കൊല്ലം ചവറയില്‍ ബി ജെ പി സ്ഥാനാര്‍ഥി ആകും. തിരുവനന്തപുരം സെന്‍ട്രലില്‍ അഭിനേതാവ് കൃഷ്ണ കുമാര്‍ ബി ജെ പി സ്ഥാനാര്‍ഥിയായി മത്സരിക്കും. കോഴിക്കോട് സൗത്തില്‍ യുവനേതാവ് നവ്യ ഹരിദാസാണ് സ്ഥാനാര്‍ഥി.

Leave a Reply

Your email address will not be published. Required fields are marked *