സംസ്ഥാനത്ത് പോരാട്ടം എല്‍.ഡി.എഫും യു.ഡി.എഫും തമ്മില്‍; വിത്യസ്തമായ സ്ഥിതിയുള്ളത് നേമത്തു മാത്രം: കോടിയേരി ബാലകൃഷ്ണന്‍

News Politics

കേരളത്തില്‍ പൊതുവില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് പോരാട്ടമെന്ന് കോടിയേരി ബാലകൃഷ്ണന്‍. അതില്‍ നിന്നും വ്യത്യസ്തമായി ഒരു സ്ഥിതി നേമത്ത് ഉണ്ട്. അവിടെ തദ്ദേശഭരണ സ്ഥാപനത്തിന്റെ കണക്കില്‍ എല്‍ഡിഎഫാണ് ഒന്നാമത്. ബിജെപി രണ്ടാമതും യുഡിഎഫ് മൂന്നാമതുമാണ്. ആ നിലയില്‍ മതനിരപേക്ഷ ജനങ്ങള്‍ ബിജെപിയെ തോല്‍പിക്കുന്നതിനായി ഇടതുപക്ഷത്തിന് വോട്ട് ചെയ്യണം. ഇടതുപക്ഷത്തിന്റെ വിജയം ഉറപ്പാക്കികൊണ്ട് മാത്രമേ ബിജെപിയെ നേമത്ത് പരാജയപ്പെടുത്താന്‍ കഴിയൂ എന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

മലമ്പുഴയില്‍ സിപിഐഎം – ബിജെപി കൂട്ടുകെട്ടെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിനും കോടിയേരി ബാലകൃഷ്ണന്‍ മറുപടി പറഞ്ഞു. മലമ്പുഴയില്‍ എല്ലാവര്‍ക്കും അറിയാവുന്ന സ്ഥാനാര്‍ത്ഥിയെയാണ് നിര്‍ത്തിയിരിക്കുന്നത്. 10 വര്‍ഷം മുന്‍പ് അവിടെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ച് ചുവരെഴുത്ത് വരെ നടത്തിയിരുന്നു. വി.എസ്. അച്യുതാനന്ദന്‍ മത്സരിക്കാന്‍ തീരുമാനിച്ചപ്പോള്‍ അദ്ദേഹം മാറിക്കൊടുക്കുകയായിരുന്നു. ജനങ്ങള്‍ക്ക് ഇടയില്‍ പ്രവര്‍ത്തിക്കുന്ന നേതാവാണ് എ. പ്രഭാകരന്‍. അദ്ദേഹം പല കോണ്‍ഗ്രസ് നേതാക്കളും നടക്കുന്നതുപോലെ പത്രാസോടെ നടക്കുന്നയാളല്ല. കൃഷിക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ആളായതിനാല്‍ അദ്ദേഹത്തിന്റെ ഷര്‍ട്ടൊക്കെ ചുളുങ്ങിയിരിക്കാം. കോണ്‍ഗ്രസുകാര്‍ക്ക് ശക്തനായി തോന്നണമെങ്കില്‍ ഷര്‍ട്ട് ചുളുങ്ങാത്ത രൂപഭാവം വേണമായിരിക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *