പി സി ചാക്കോ കോണ്‍ഗ്രസ് വിട്ട് എന്‍സിപിയില്‍; ഇടതുമുന്നണിക്ക് വേണ്ടി പ്രചരണത്തിനിറങ്ങും

News Politics

കോണ്‍ഗ്രസ് വിട്ട പി സി ചാക്കോ എന്‍സിപിയില്‍ ചേര്‍ന്നു. ഇടതുമുന്നണിക്ക് വേണ്ടി പി സി ചാക്കോ കേരളത്തില്‍ പ്രചാരണത്തിന് ഇറങ്ങും. പ്രതിപക്ഷ ഐക്യത്തിന് നേതൃത്വം നല്‍കാന്‍ ശരദ് പവാറിന് കഴിയുമെന്നും അതുകൊണ്ടാണ് എന്‍സിപിയില്‍ ചേര്‍ന്നതെന്നുമായിരുന്നു പി സി ചാക്കോയുടെ പ്രതികരണം. രാജ്യത്ത് മൂന്നാം മുന്നണിയുടെ ആവശ്യമുണ്ടെന്ന് ചാക്കോയെ സ്വാഗതം ചെയ്ത് ശരദ് പവാര്‍ പറഞ്ഞു.

ശരദ് പവാറിന്റെ ഡല്‍ഹിയിലെ വസതിയില്‍ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പി.സി ചാക്കോ എന്‍സിപിയുടെ ഭാഗമായത്. ഇടത് മുന്നണി കേരളത്തില്‍ വീണ്ടും അധികാരത്തിലെത്തുമെന്നും കേരളത്തിലുടനീളം പ്രചാരണത്തിനിറങ്ങാനാണ് ശരദ് പവാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പി.സി ചാക്കോ പറഞ്ഞു.

കോണ്‍ഗ്രസിലെ തിരുത്തല്‍വാദി സംഘത്തെ പരോക്ഷമായി ക്ഷണിക്കുന്ന തരത്തിലായിരുന്നു ശരത് പവാറിന്റെ വാക്കുകള്‍. രാജ്യത്ത് കോണ്‍ഗ്രസിതര പ്രതിപക്ഷ പാര്‍ട്ടികളുടെ മൂന്നാം മുന്നണി ആവശ്യമാണെന്നും ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും ശരത് പവാര്‍ അറിയിച്ചു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായും കൂടിക്കാഴ്ച നടത്തി. വരുംദിവസങ്ങളില്‍ കോണ്‍ഗ്രസിലെ തിരുത്തല്‍വാദി നേതാക്കളുമായും കൂടിക്കാഴ്ച നടത്തും.

Leave a Reply

Your email address will not be published. Required fields are marked *