അയ്യപ്പനെ അവഹേളിച്ച സ്വരാജിനെ പരാജയപ്പെടുത്തണമെന്ന ആവശ്യവുമായി ശബരിമല മുന്‍ മേല്‍ശാന്തി; യു ഡി എഫ് സ്ഥാനാര്‍ഥി കെ ബാബുവിന് കെട്ടി വയ്ക്കാനുള്ള പണം നല്‍കി

News Politics

കൊച്ചി: അയ്യപ്പനെ അവഹേളിച്ച സ്വരാജിനെ പരാജയപ്പെടുത്തണമെന്ന ആവശ്യവുമായി ശബരിമല മുന്‍ മേല്‍ശാന്തി. ഇതിന്റെ ഭാഗമായി യു ഡി എഫ് സ്ഥാനാര്‍ഥി കെ ബാബുവിന് കെട്ടി വയ്ക്കാനുള്ള പണം ശബരിമല മുന്‍ മേല്‍ശാന്തിയായ ഏഴിക്കോട് ശശിധരന്‍ നമ്പൂതിരി നല്‍കി. തൃപ്പുണ്ണിത്തുറ മണ്ഡലത്തില്‍ യു ഡി എഫ് കണ്‍വെന്‍ഷനില്‍ വച്ചാണ് ഏഴിക്കോട് ശശിധരന്‍ നമ്പൂതിരി പണം നല്‍കിയത്.

ശബരിമല അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയല്ലെന്ന എം സ്വരാജ് എം എല്‍ എയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് നടപടി. അയ്യപ്പനെ അവഹേളിച്ച എല്‍ ഡി എഫ് സ്ഥാനാര്‍ഥി പരാജയപ്പെടണമെന്ന് ആഗ്രഹം ഉള്ളതു കൊണ്ടാണ് ഇതിനു മുതിര്‍ന്നതെന്ന് ശശിധരന്‍ നമ്പൂതിരി പറഞ്ഞു. അതേസമയം, തെരഞ്ഞെടുപ്പില്‍ സ്വരാജിന്റെ പ്രസംഗം പ്രധാന പ്രചാരണ ആയുധമാക്കുകയാണ് യു ഡി എഫും ബി ജെ പിയും.

ശബരിമലയുമായി ബന്ധപ്പെട്ട് സ്വരാജ് നടത്തിയ പരാമര്‍ശങ്ങളുടെ പഴയ വീഡിയോ കുത്തിപ്പൊക്കി വിശ്വാസികള്‍ക്കിടയില്‍ പ്രചരിപ്പിച്ചാണ് സ്വരാജിന് എതിരെയുള്ള പോരാട്ടം കടുപ്പിച്ചിരിക്കുന്നത്. 2018 ഒക്ടോബറില്‍ ആയിരുന്നു വിവാദമായ പരാമര്‍ശം. ശബരിമല അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയല്ലെന്ന് ആയിരുന്നു സ്വരാജ് പറഞ്ഞത്. സി പി എം പൊതുയോഗത്തില്‍ ആയിരുന്നു സ്വരാജിന്റെ വിമര്‍ശനം.

ഇനിയുള്ള തന്റെ പ്രസംഗം വിശ്വാസികളോട് എന്ന് പറഞ്ഞായിരുന്നു വിവാദ പ്രസ്താവന സ്വരാജ് നടത്തിയത്. വിശ്വാസികളുടെ വിശ്വാസത്തെ മാനിക്കുന്നു. താന്‍ എതിനെ എതിര്‍ക്കുന്നില്ല. ആ വിശ്വാസം മുറുകെ പിടിക്കാനുള്ള സ്വാതന്ത്ര്യത്തെ മാനിക്കുന്നു. വിശ്വാസികളോട് തര്‍ക്കമോ ഏറ്റുമുട്ടലോ ഇല്ല. പക്ഷേ, അയ്യപ്പന്‍ ബ്രഹ്മചാരിയല്ല. അയ്യപ്പനെ പറ്റി നമ്മള്‍ മനസ്സില്‍ പ്രതിഷ്ഠിച്ചിട്ടുള്ള ഐതിഹ്യമെന്താണ്. മാളികപ്പുറത്തമ്മ അയ്യപ്പനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചു. അപ്പോള്‍ അയ്യപ്പന്‍ പറഞ്ഞത് ‘കുമാരി മാളികപ്പുറം ഞാന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണ്, അതുകൊണ്ട് നിങ്ങള്‍ തിരിച്ചു പോകണം എന്നാണോ? അല്ല. കേരളത്തില്‍ ഏതെങ്കിലും അയ്യപ്പ ഭക്തനോ ഭക്തയോ ഇങ്ങനെ വിശ്വസിക്കുന്നുണ്ടോ? അയ്യപ്പന്‍ ഞാന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണെന്ന് പറഞ്ഞില്ല. അതുകൊണ്ട് വിവാഹം കഴിക്കുന്നില്ലെന്നല്ല അയ്യപ്പന്‍ പറഞ്ഞത്. അയ്യപ്പന്‍ പറഞ്ഞത് കാത്തിരിക്കൂ എന്നാണ്. കന്നി അയ്യപ്പന്‍ മല കയറാത്ത സാഹചര്യം വന്നാല്‍ വിവാഹം കഴിക്കാമെന്നാണ് പറഞ്ഞത്. അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണെങ്കില്‍ ഇങ്ങനെ പറയുമോയെന്നും സ്വരാജ് ചോദിച്ചിരുന്നു. ശബരിമലയിലെ സ്ത്രീ പ്രവേശത്തില്‍ ഉണ്ടായ സുപ്രീംകോടതി വിധി വിശ്വാസികള്‍ക്ക് എതിരല്ലെന്നും സ്വരാജ് പറഞ്ഞിരുന്നു.

കഴിഞ്ഞ തവണ കെ ബാബുവില്‍ നിന്ന് 4467 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എം സ്വരാജ് തൃപ്പുണ്ണിത്തുറ മണ്ഡലം പിടിച്ചെടുത്തത്. 2016ല്‍ ബി ജെ പി സ്ഥാനാര്‍ഥിയായ പ്രൊഫ തുറവൂര്‍ വിശ്വംഭരന്‍ 29,843 വോട്ടാണ് പിടിച്ചെടുത്തത്. ഇത് ബാബുവിന്റെ പരാജയത്തിന് പ്രധാന കാരണങ്ങളില്‍ ഒന്നായി. കാരണം, അതിനു മുമ്പുള്ള തെരഞ്ഞെടുപ്പില്‍ ബാബുവിന്റെ ഭൂരിപക്ഷം 15, 778 വോട്ടും ബി ജെ പി സ്ഥാനാര്‍ഥിയുടെ വോട്ട് 4942 ഉം ആയിരുന്നു.

അതേസമയം, വൈസ് ചാന്‍സലറും പി എസ് സി ചെയര്‍മാനുമായിരുന്ന ഡോ കെ എസ് രാധാകൃഷ്ണന്‍ ആണ് മണ്ഡലത്തിലെ ബി ജെ പിയുടെ സ്ഥാനാര്‍ഥി. ബി ജെ പി ഉയര്‍ന്ന പരിഗണന നല്‍കുന്ന മണ്ഡലമായതിനാല്‍ പ്രചാരണത്തില്‍ യു ഡി എഫും എല്‍ ഡി എഫും ബി ജെ പിയും ഇവിടെ ഒപ്പത്തിനൊപ്പമാണ്. തൃപ്പുണ്ണിത്തുറ, മരട് നഗരസഭകളും കൊച്ചി കോര്‍പറേഷന്റെ എട്ടു ഡിവിഷനുകളും കുമ്പളം, ഉദയംപേരൂര്‍ പഞ്ചായത്തും ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ മരട് മാത്രമേ യു ഡി എഫ് ഭരണത്തിലുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *