ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കേണ്ട; വിലക്കുണ്ടായാലും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പിന്തുണ തനിക്ക്: ലതിക സുഭാഷ്

News Politics

സിപിഐഎമ്മുമായി ഗൂഢാലോചന നടത്തിയെന്ന ആരോപണം തെളിയിക്കാന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ വെല്ലുവിളിച്ച് ലതിക സുഭാഷ്. ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കേണ്ടെന്നും വിലക്കുണ്ടായാലും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പിന്തുണ തനിക്കാകുമെന്നും ലതിക പ്രതികരിച്ചു. കോണ്‍ഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ച് ഏറ്റുമാനൂരില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഊര്‍ജിതമാക്കുകയാണ് ലതിക സുഭാഷ്.

ലതിക സുഭാഷിനെ കടന്നാക്രമിച്ച കെപിസിസി അധ്യക്ഷന്റെ ഇന്നലത്തെ പരാമര്‍ശത്തിന് പിന്നാലെ ഇന്ന് വിഡി സതീശനും കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ലതികയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പുകളും തുടരുകയാണ്. ഇതിനിടെയാണ് കോണ്‍ഗ്രസ് നേതൃത്വത്തിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി ലതിക സുഭാഷ് രംഗത്തെത്തിയത്.

അവഗണിക്കപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിലക്ക് മറികടന്ന് തനിക്ക് പിന്തുണ നല്‍കുമെന്ന് ലതിക അവകാശപ്പെട്ടു. പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയ ലതിക ഏറ്റുമാനൂരില്‍ പ്രചാരണം ശക്തമാക്കി. നാളെ മണ്ഡലത്തില്‍ പൗര സ്വീകരണം സംഘടിപ്പിക്കുന്നുണ്ട്. പത്തൊന്‍പതിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നും ലതിക സുഭാഷ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *