താനൂരിന് പുതിയ മുഖം ലഭിച്ചു; വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ ഇരുട്ടില്‍ തപ്പാതെ കണ്ണുതുറന്നു നോക്കണം: വി അബ്ദുറഹിമാന്‍ എം.എല്‍.എ

News Politics

മലപ്പുറം: താനൂര്‍ നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് മുന്നോട്ടുവെച്ച പ്രകടന പത്രികയിലെ 95 ശതമാനവും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞുവെന്ന് സിറ്റിങ് എംഎല്‍എയും സ്ഥാനാര്‍ഥിയുമായ വി അബ്ദുറഹിമാന്‍. എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തിയാല്‍ താനൂര്‍ താലൂക്ക് ആയി ഉയര്‍ത്തുമെന്നും താനൂരിലെ സമഗ്രവികസനം യാഥാര്‍ഥ്യമാക്കുമെന്നും വി അബ്ദുറഹിമാന്‍ താനൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

362 പ്രധാന പദ്ധതികളുടെ ഒന്നാം ഘട്ടം പൂര്‍ത്തിയായി ഉദ്ഘാടനം ചെയ്തു. ആയിരം കോടിയില്‍ 500 കോടിയുടെ പദ്ധതികളും പൂര്‍ത്തിയായി. 60 വര്‍ഷമായി ഏകീകൃത കുടിവെള്ള പദ്ധതി നടപ്പിലാക്കാന്‍ കഴിയാത്തവരാണ് ഇന്ന് അപവാദ പ്രചരണങ്ങളുമായി മുന്നോട്ടുവന്നിട്ടുള്ളത്. സമഗ്ര കുടിവെള്ള പദ്ധതിയില്‍ ഒഴൂര്‍ പഞ്ചായത്തിനെ കൂടി ചേര്‍ക്കും. വികസനം സ്വപ്നം കണ്ടിരുന്ന പഴയതലമുറ കാത്തിരുന്ന വികസന പ്രവര്‍ത്തനങ്ങളാണ് താനൂരില്‍ നടപ്പിലാക്കിയത്. താനൂരിന് പുതിയ മുഖം ലഭിച്ചതായും വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ ഇരുട്ടില്‍ തപ്പാതെ കണ്ണുതുറന്നു നോക്കണമെന്നും വി അബ്ദുറഹിമാന്‍ ആവശ്യപ്പെട്ടു.

നാട്ടുകാരന്‍ എന്ന നിലയില്‍ തനിക്ക് നല്‍കിയ അംഗീകാരത്തിലൂടെ ഈ നാട്ടില്‍ മാറ്റം സൃഷ്ടിക്കാന്‍ കഴിഞ്ഞു. അതിഥികളെ മര്യാദയോടെ സ്വീകരിക്കുന്നവരാണ് താനൂരുകാര്‍. എന്നാല്‍ വീട്ടുകാരനെ പുറത്താക്കി അതിഥിയെ സ്വീകരിച്ചിരുത്തുന്ന പതിവില്ലെന്നും വി അബ്ദുറഹിമാന്‍ കൂട്ടിച്ചേര്‍ത്തു. ഇത്തവണയും താനൂരില്‍ എല്‍ഡിഎഫ് തുടരുമെന്നും വി അബ്ദുറഹിമാന്‍ പ്രത്യാശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *