ഏത് വിദഗ്ധനും ബി.ജെ.പി ആയാല്‍ ബി.ജെ.പിയുടെ സ്വഭാവം കാണിക്കും; ഇ. ശ്രീധരനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

News Politics

തിരുവനന്തപുരം: ബി.ജെ.പി നേതാവും പാലക്കാട് സ്ഥാനാര്‍ത്ഥിയുമായ ഇ. ശ്രീധരനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏത് വിദഗ്ധനും ബി.ജെ.പി ആയാല്‍ ബി.ജെ.പി സ്വഭാവം കാണിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇ. ശ്രീധരന്‍ നമ്മുടെ രാജ്യത്തെ ഒരു പ്രധാന വിദഗ്ധനായിരുന്നല്ലോ. അതിന്റെ ഭാഗമായുള്ള കാര്യങ്ങള്‍ ചെയ്തിരുന്നു. എന്നാല്‍ ഏത് വിദഗ്ധനും ബി.ജെ.പി ആയാല്‍ ബി.ജെ.പിയുടെ സ്വഭാവം കാണിക്കും. അതുകൊണ്ട് തന്നെ എന്തും വിളിച്ചു പറയാവുന്ന അവസ്ഥയിലേക്ക് അദ്ദേഹം എത്തിയിട്ടുണ്ടാകും. അദ്ദേഹത്തിന് മറുപടി നല്‍കാന്‍ തെരഞ്ഞെടുപ്പ് തീരുന്നത് വരെ കാത്തു നില്‍ക്കുന്നതാവും നല്ലത്. കാരണം അത്തരത്തിലുള്ള ജല്‍പനങ്ങളാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് വന്നുകൊണ്ടിരിക്കുന്നത്,’മുഖ്യമന്ത്രി പറഞ്ഞു.

എല്‍.ഡി.എഫിന് ഒരു അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയവുമില്ല. ശബരിമല വിഷയത്തില്‍ വിധിവരട്ടെയെന്നും എന്നിട്ടാകാം ചര്‍ച്ചയെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല വിഷയം എടുത്തിട്ട് ആളുകളെ സ്വാധീനിച്ച് വോട്ടുനേടാമെന്നാണ് മറ്റുള്ളവര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി ടിക്കറ്റില്‍ പാലക്കാട് മണ്ഡലത്തില്‍ നിന്നാണ് ഇ. ശ്രീധരന്‍ മത്സരിക്കുന്നത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിച്ച വിജയയാത്രയില്‍ വെച്ചായിരുന്നു ഇ. ശ്രീധരന്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്.
ഇതിന് പിന്നാലെ തനിക്ക് മത്സരിക്കാന്‍ താത്പര്യമുണ്ടെന്നും കേരളത്തില്‍ ബി.ജെ.പി അധികാരത്തില്‍ വരുമെന്നും ശ്രീധരന്‍ പറഞ്ഞിരുന്നു.കേരളത്തില്‍ എല്‍.ഡി.എഫ് ഒരു വികസനവും കൊണ്ടു വന്നിട്ടില്ല. താന്‍ വികസനത്തിനായാണ് മത്സരിക്കുന്നതെന്നും രാഷ്ട്രീയമല്ല പറയുന്നതെന്നും ശ്രീധരന്‍ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *