വിശ്വാസികള്‍ക്ക് അനുകൂലമായ ഒരു നിലപാടും ഇന്നേവരെ സംസ്ഥാനസര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ലെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍

News Politics

ചങ്ങനാശേരി: ശബരിമല സ്ത്രീ പ്രവേശനവുമായി സംസ്ഥാന സര്‍ക്കാരിനെതിരെ വീണ്ടും വിമര്‍ശനവുമായി എന്‍.എസ്.എസ്. ശബരിമല വിഷയത്തില്‍ കാനം രാജേന്ദ്രന്‍ പ്രകോപനപരമായി ഒന്നും പറഞ്ഞിട്ടില്ലെന്ന പ്രസ്താവനയിലൂടെ മുഖ്യമന്ത്രി എന്‍.എസ്.എസ് നിലപാടുകളെ പരോക്ഷമായി വിമര്‍ശിക്കുകയാണെന്ന് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തില്‍ വ്യക്തവും സത്യസന്ധവുമായ നിലപാട് ഉണ്ടായിരുന്നെങ്കില്‍ നേതാക്കന്മാര്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാകുമായിരുന്നില്ല. ശബരിമല കേസിന്റെ ആരംഭം മുതല്‍ വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഒരേ നിലപാടാണ് നായര്‍ സര്‍വീസ് സൊസൈറ്റി ഇതുവരെ സ്വീകരിച്ചുവന്നിട്ടുള്ളതെന്നും ഇനിയും അത് തുടരുമെന്നും എന്‍.എസ്.എസ് പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

വിശ്വാസികള്‍ക്ക് അനുകൂലമായ ഒരു നിലപാടും ഇന്നേവരെ സംസ്ഥാനസര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല എന്നതാണ് വസ്തുത. ‘തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ദേവസ്വംമന്ത്രി കടകംപള്ളി കഴിഞ്ഞുപോയ സംഭവങ്ങളില്‍ ഖേദം പ്രകടിപ്പിക്കുന്നു; കടകംപള്ളിയെ തിരുത്തിക്കൊണ്ടും സംസ്ഥാനസര്‍ക്കാര്‍ ഈ വിഷയത്തില്‍ ആദ്യം സ്വീകരിച്ചു നിലപാടിനെ ന്യായീകരിച്ചുകൊണ്ടും ഇനിയും ആ നിലപാട് തുടരുമെന്ന് വ്യക്തമാക്കിക്കൊണ്ടും പാര്‍ട്ടിയുടെ അഖിലേന്ത്യ സെക്രട്ടറി രംഗത്തുവരുന്നു; അതിനെ തുടര്‍ന്ന് ദേവസ്വം മന്ത്രിയുടെ ഖേദപ്രകടനത്തെ പരാമര്‍ശിക്കാതെതന്നെ സുപ്രീംകോടതിയുടെ അന്തിമ വിധി വിശ്വാസികള്‍ക്ക് ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നപക്ഷം അവരുമായി ആലോചിച്ചേ നടപടിയെടുക്കൂ എന്ന പ്രസ്താവനയുമായി മുഖ്യമന്ത്രിയും രംഗത്തെത്തുന്നു.

ഇതുകൂടാതെ, ദേവസ്വംമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും നിലപാടുകളെ പിന്തുണച്ചു കൊണ്ടും, വിശ്വാസ സംരക്ഷണത്തിനായി ആദ്യം മുതല്‍ നിലകൊള്ളുന്ന എന്‍.എസ്.എസിനെ കുറ്റപ്പെടുത്തിക്കൊണ്ടും സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സര്‍ക്കാരിനെ സഹായിക്കാനെത്തുന്നു.’ ഇതൊന്നും പോരാതെയാണ് ‘കാനം പ്രകോപനപരമായി ഒന്നും പറഞ്ഞിട്ടില്ല’ എന്നു പറഞ്ഞ് മുഖ്യമന്ത്രി വീണ്ടും ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *