മലപ്പുറം: തിരൂര്‍ തലക്കാട് പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ കയറി വനിതാ മെഡിക്കല്‍ ഓഫീസറെ ഭീഷണിപ്പെടുത്തുകയും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും കയ്യേറ്റം ചെയ്യുകയും ചെയ്തകേസില്‍ പ്രതികളായ തലക്കാട് പഞ്ചായത്ത് പ്രസിഡന്റും സി.പി.എം പ്രവര്‍ത്തകരും ഉള്‍പ്പെടെ എട്ടുപേര്‍ അറസ്റ്റില്‍. കഴിഞ്ഞ വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് സംഭവം നടന്നത്. ദിവസങ്ങള്‍ പിന്നിട്ടിട്ടും കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് മലപ്പുറത്തെ ഡോക്ടര്‍മാര്‍ ഇന്നു രാവിലെ 10മണിക്ക് കെ.ജി.എം.ഒയുടെ നേതൃത്വത്തില്‍ മലപ്പുറം കലക്ട്രേറ്റിന് മുന്നില്‍ സമരം നടത്തിയതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തലക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സി.പി.എം നേതാവുമായ എം.കുഞ്ഞി ബാവ ,മുന്‍പഞ്ചായത്ത് പ്രസിഡന്റും സി.പി.എം.നേതാവുമായ പി.മുഹമ്മദലി, സി.പി.എം. തലക്കാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഷാജി, സി.പി.ഐ. തിരൂര്‍ മണ്ഡലം പ്രസിഡന്റ് അഡ്വ.കെ.ഹംസ,
എന്‍.സി.പി.നേതാവ് സി.പി.ബാപ്പുട്ടി.പഞ്ചായത്ത് അംഗം കെ.രാഗേഷ്, ഇസ്മായില്‍, അക്ബര്‍ എന്നിവരെയാണ് ഇന്ന് ഉച്ചയോടെ അറസ്റ്റ് ചെയ്തത്. സംഭവ ദിവസം സി.പി.എം നേതാക്കളുടെ സംഘം ഹെല്‍ത്ത് സെന്ററില്‍ കയറി മെഡിക്കല്‍ ഓഫീസറെ കയ്യേറ്റം ചെയ്യുകയായിരുന്നുവെന്നാണ് പരാതി.. പോലീസില്‍ പരാതി നല്‍കിയിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ ഡോക്ടര്‍മാര്‍ സമരം തുടങ്ങിയതിനിടയിലായിരുന്നു അറസ്റ്റ്. പ്രതികളെ തിരൂര്‍ ജൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റു കോടതി റിമാന്റ് ചെയ്തു.
അതേ സമയം സംഭവത്തില്‍ നേരത്തെ മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കലക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നെങ്കിലും നടപടി വൈകിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ്
ഇന്നു രാവിലെ പത്തുമണിക്ക് കെ.ജി.എം.ഒ.യുടെ നേതൃത്വത്തില്‍ മലപ്പുറം കലക്ട്രേറ്റിന് മുന്നില്‍ പ്രക്ഷോഭ സമരം നടന്നത്. സംഭവത്തില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് അറസ്റ്റ് രേഖപ്പെടുത്താത്തില്‍ പ്രതിഷേധിച്ചാണ മലപ്പുറത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമര രംഗത്തിറങ്ങിയത്. ഇതോടെയാണ് ഇന്നു ഉച്ചയോടെ തന്നെ പ്രതികളെ പോലീസ് അറസ്റ്റ്് ചെയ്തത്.
തിരൂര്‍ തലക്കാട് പഞ്ചായത്തില്‍ ആരംഭിക്കുന്ന പ്രാഥമിക ആരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായി ഫര്‍ണ്ണിച്ചറുകള്‍ ഇറക്കുന്നതിന് ക്വട്ടേഷന്‍ നല്‍കിയിരുന്നു. എന്നാല്‍ ഇതിന് അനുമതി നല്‍കേണ്ട ജിവനക്കാരന് കൊവിഡ് പോസിറ്റീവ് ആയതിനാല്‍ അവധിയിലാണ്. ഈ സാഹചര്യത്തില്‍ ഫര്‍ണ്ണിച്ചറുകള്‍ വാങ്ങാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ഇത് മെഡിക്കല്‍ ഓഫീസറുടെ നേതൃത്തില്‍ മനപ്പൂര്‍വ്വം വൈകിപ്പിക്കുകയാണെന്നും, കുടുംബാരോഗ്യ കേന്ദ്രത്തിന് സിപിഎം നിര്‍ദേശിക്കുന്ന പേര് നല്കാന് അനുമതി നല്‍കിയില്ലെന്നും ആരോപിച്ചാണ് പഞ്ചായത്ത് പ്രസിഡന്റും ,പഞ്ചായത്ത് മെബര്‍മാരും,സിപിഎം പ്രദേശിക നേതാക്കളും ചേര്‍ന്ന് അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതെന്നാണ് പരാതി.
സംഭവത്തില്‍ ഐഎംഎ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
