ചെന്നിത്തലയെ വെട്ടാന്‍ കോണ്‍ഗ്രസില്‍ വന്‍ഗൂഢാലോചന

Breaking Keralam Politics

തിരുവനന്തപുരം: രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാകാതിരിക്കാന്‍ കോണ്‍ഗ്രസിനുള്ളില്‍ വന്‍ഗൂഢാലോചന നടക്കുന്നതായി റിപ്പോര്‍ട്ട്. അടുത്ത തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മേല്‍ക്കൈ നേടിയാല്‍, സ്വാഭാവികമായും പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയാകാന്‍ അവസരം ലഭിക്കുമെന്ന സൂചനകളുണ്ടായിരുന്നുവെങ്കില്‍ ഈ ധാരണകള്‍ എപ്പോള്‍ വേണമെങ്കിലും അട്ടിമറിക്കപ്പെടാനുള്ള സാധ്യതളാണ് ചര്‍ച്ചയാകന്നത്. ഇബ്രാഹിം കുഞ്ഞിന്റെയും ഖമറുദ്ദീന്റെയും അറസ്റ്റിന് പിന്നാലെ ബാര്‍ കോഴക്കേസില്‍ ചെന്നിത്തലയ്ക്കെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസും യുഡിഎഫും പ്രതിരോധത്തിലായി. ഈ പശ്ചാത്തലത്തില്‍ യുഡിഎഫ് വിജയിച്ചാല്‍ രമേശ്് ചെന്നിത്തല മുഖ്യമന്ത്രിയാകാതിരിക്കാന്‍ കോണ്‍ഗ്രസില്‍ വന്‍ഗൂഢാലോചന നടക്കുന്നുവെന്നാണ് മാധ്യമ പ്രവര്‍ത്തകനായ മാര്‍ട്ടിന്‍ മേനാച്ചേരി തന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നത്. പി.ടി.തോമസ്, ആന്റോ ആന്റണി, കെ.സി.വേണുഗോപാല്‍ എന്നിവരെയാണ് അദ്ദേഹം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. ചെന്നിത്തലയുടെ സ്വന്തം മണ്ഡലമായ ഹരിപ്പാട്ടില്‍ നിന്ന് മത്സരിച്ചാല്‍ തോല്‍പിക്കാനും നീക്കം നടക്കുന്നു, ഉമ്മന്‍ ചാണ്ടിക്ക് മുഖ്യമന്ത്രിയാകാന്‍ കഴിഞ്ഞില്ലെങ്കില്‍ കെ സി വേണുഗോപാല്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ എത്തി മുഖ്യനാകും, പി.ടി. തോമസിന് മന്ത്രിസ്ഥാനത്തിന് ചരട് വലി എന്നിങ്ങനെയാണ് ഗൂഢാലോചന എന്ന് മാര്‍ട്ടിന്‍ മേനാച്ചേരി ആരോപിക്കുന്നു. എന്തായാലും രമേശ് ചെന്നിത്തലയെ അങ്ങനെ സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് പെട്ടന്ന് എഴുതി തള്ളാന്‍ കഴിയില്ലെന്നും മാധ്യമ പ്രവര്‍ത്തകന്‍ തന്റെ പോസ്റ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു.

മാര്‍ട്ടിന്‍ മേനാച്ചേരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

രമേശ് ചെന്നിത്തലക്ക് എതിരെ പി ടി തോമസ് – കെ സി വേണുഗോപാല്‍ – ആന്റോ ആന്റണി കൂട്ടുകെട്ടില്‍ വന്‍ ഗൂഢാലോചനഅടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് വിജയിച്ചാല്‍ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാതിരിക്കാന്‍ തൃക്കാക്കര എം എല്‍ എ പി ടി തോമസ്, ആന്റോ ആന്റണി എം പി, കര്‍ണാടകയുടെ ചുമതലയുള്ള എ ഐ സി സി അംഗം കെ സി വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ ഗൂഢാലോചന.

ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രിയാക്കി, പി ടി തോമസിന് സംസ്ഥാന മന്ത്രിയാകാനുള്ള ചരട് വലികള്‍ ആണ് ഇപ്പോള്‍ തന്നെ അണിയറയില്‍ നടക്കുന്നത്. ഇടുക്കിയില്‍ സീറ്റ് നിഷേധിക്കപ്പെടുകയും, ഇടുക്കിയില്‍ നിന്ന് വന്‍ ജനാരോഷം ഏറ്റുവാങ്ങിയും ചെയ്ത പി ടി തോമസ് ഉമ്മന്‍ ചാണ്ടിയുടെ അപ്രീതിക്ക് പാത്രമാകുകയും ചെയ്തു. അതിന് ശേഷം പി ടി തോമസ് ഉമ്മന്‍ ചാണ്ടിയുമായി തെറ്റിപിരിഞ്ഞ് സീറ്റ് കിട്ടാതെ ധര്‍മ്മ സങ്കടത്തിലായി. പിന്നാലെ പി ടി വി എം സുധീരന്റെ ഗ്രൂപ്പില്‍ എത്തുകയും തൃക്കാക്കരയില്‍ സീറ്റ് തരപ്പെടുത്തുകയായിരുന്നു.

എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ കേരള രാഷ്ട്രീയത്തിലെ പ്രതിപക്ഷനിരയില്‍ മേല്‍ക്കോയ്മ നേടിയ രമേശ് ചെന്നിത്തലയെ ഒതുക്കാനും, അതുവഴി ഉമ്മന്‍ ചാണ്ടിയുടെ ഇഷ്ടക്കാരനാകാനും പി ടി തോമസ് എം എല്‍ എ യുടെ നേതൃത്വത്തില്‍ പടനീക്കം ബാംഗ്ലൂരില്‍ സജീവമാക്കി. ബാംഗ്ലൂര്‍ പ്രവാസി കോണ്‍ഗ്രസിന്റെ തലപ്പത്ത് ഇരിക്കുന്ന സത്യന്‍ പൊത്തൂര്‍, ചാണ്ടി ഉമ്മന്‍ എന്നിവരുടെ നേതൃത്വത്തില്‍ പി ടി തോമസ് എം എല്‍ എയും, ആന്റോ ആന്റണിയെയും മുന്നില്‍ നിര്‍ത്തിയാണ് അണിയറയില്‍ നീക്കം സജിവമാക്കുന്നത്. മാത്രമല്ല എന്ത് വിലകൊടുത്തും ചെന്നിത്തലയുടെ സ്വന്തം മണ്ഡലമായ ഹരിപ്പാട്ടില്‍ നിന്ന് മത്സരിച്ചാല്‍ തോല്‍പിക്കാനും നീക്കം നടക്കുന്നു.

രമേശ് ചെന്നിത്തലയെ ഒതുക്കുന്നതിന്റെ ഭാഗമായിയാണ് ബാര്‍ കോഴകേസ് സജീവമാക്കിയത്. എന്ത് വിലകൊടുത്തും രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി കസേര കാണിക്കരുത് എന്നാണ് പി ടി -ആന്റോ – കെ സി കൂട്ടുകെട്ടിലൂടെ ലക്ഷ്യമിടുന്നത്.കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ യു ഡി എഫ് അധികാരത്തില്‍ വരികയും ഏതെങ്കിലും കാരണത്താല്‍ ഉമ്മന്‍ ചാണ്ടിക്ക് മുഖ്യമന്ത്രിയാകാന്‍ കഴിഞ്ഞില്ലെങ്കില്‍ കെ സി വേണുഗോപാല്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ എത്തി മുഖ്യനാകാനുള്ള മോഹവും അദ്ദേഹത്തിന്റെ മനസ്സില്‍ ഉണ്ട്. അങ്ങനെയായാല്‍ പ്രധാന വകുപ്പ് കൈയാളാന്‍ പറ്റുന്ന മന്ത്രി സ്ഥാനം പി ടി തോമസിന് ലഭിക്കും. ഇതാണ് ഈ നീക്കത്തിലൂടെ പി ടി യും കൂട്ടരും ലക്ഷ്യമിടുന്നത്.കാര്യങ്ങള്‍ എന്തായാലും രമേശ് ചെന്നിത്തലയെ അങ്ങനെ എഴുതി സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് പെട്ടന്ന് എഴുതി തള്ളാന്‍ കഴിയില്ല.

മാര്‍ട്ടിന്‍ മേനച്ചേരി

Leave a Reply

Your email address will not be published. Required fields are marked *