ക്യാന്‍സര്‍ ചികിത്സക്ക് ഓണ്‍ലൈന്‍ വഴി ലോണെടുത്ത യുവതി ഭീഷണി മുഖേന തിരിച്ചടച്ചത് 1,40,000 രൂപ

Breaking News

മലപ്പുറം: ക്യാന്‍സര്‍ ചികിത്സക്ക് ഓണ്‍ലൈന്‍ ആപ്പ് വഴി 10,000 രൂപ ലോണെടുത്ത യുവതി ഭീഷണി കാരണം തിരിച്ചടച്ചത് 1,40,000 രൂപ. വ്യാപകമായി ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പ് സംഘങ്ങള്‍. മലപ്പുറം എടവണ്ണ ഒതായി സ്വദേശിനി സുബിതയെന്ന യുവതിയാണ് 10,000 രൂപ വായ്പ എടുത്ത് അവസാനം 1,40,000 രൂപ അടക്കേണ്ടിവന്നത്. എടവണ്ണ പോലീസ് സ്റ്റേഷനിലും ജില്ലാ പോലീസ് മേധാവിക്കും യുവതി പരാതി നല്‍കിയിട്ടുണ്ട്. ക്യാന്‍സര്‍ ചികിത്സയില്‍ കഴിയുമ്പോഴാണ് ഓണ്‍ലൈന്‍ ആപ്പ് വഴി 10,000 രൂപ സുബിത വായ്പ് എടുത്തത്. തട്ടിപ്പു സംഘത്തിന്റെ ഭീഷണിയെ തുടര്‍ന്ന് രണ്ടുമാസം കൊണ്ട് 1.40 ലക്ഷം രൂപ തിരിച്ചടച്ചതായി സുബിത പറയുന്നു. ചികിത്സക്കായി നാട്ടുകാര്‍ സ്വരൂപിച്ച പണവും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ആഭരണങ്ങള്‍ പണയം വെച്ച തുകയും ചേര്‍ത്താണ് നിസാര വായ്പയ്ക്കു ലക്ഷങ്ങള്‍ തിരിച്ചടച്ചത്. ഓണ്‍ലൈന്‍ ലോണ്‍ എടുത്തതോടെ തന്റെ ഫോണിലെ മുഴുവന്‍ വിവരങ്ങളും തട്ടിപ്പു സംഘത്തിന് ലഭിച്ചതായും സുബിത പറയുന്നു.താന്‍ തട്ടിപ്പുകാരിയാണെന്ന രീതിയില്‍ തന്റെ ചിത്രം സഹിതം ഫോണിലുള്ള കോണ്‍ടാക്ട് ലിസ്റ്റിലേക്ക് ഈ സംഘം മെസേജുകള്‍ അയക്കുകയാണ്. ഇവരുടെ ഭീഷണി ഭയന്ന് ഫോണും ഫോണ്‍ നമ്പറും മാറ്റേണ്ടി വന്നതായും സുബിത പറഞ്ഞു. 4 ഓണ്‍ലൈന്‍ ആപ്പ് വഴിയാണ് 10000 രൂപ വായ്പയെടുത്ത്. ഒരു ആപ്പില്‍ നിന്ന് 4000 രൂപ വായ്പ എടുത്താല്‍ 2800 രൂപ മാത്രമാണ് കൈയില്‍ കിട്ടുക. ഏഴു ദിവസത്തിനുള്ളില്‍ 4000 രൂപ തിരിച്ചടക്കണം. ഇങ്ങനെ തിരിച്ചടക്കാന്‍ പറ്റാതെ വന്നതോടെയാണ് സംഘം ഭീഷണി തുടങ്ങിയത്.നട്ടെല്ലിലും ശ്വാസകോശത്തിലും കാന്‍സര്‍ ബാധിച്ച സുബിത വാടകവീട്ടിലാണ് താമസം. ഭര്‍ത്താവ് പ്രജീഷിന് പെയിന്റിങ് ജോലിയാണ്. മലപ്പുറം ജില്ലയില്‍ നിരവധിപേര്‍ സമാന തട്ടിപ്പിന് ഇരയായിട്ടുണ്ട്. വ്യാപകമായി പരാതികളും രജിസ്റ്റര്‍ ചെയ്തുവരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *