സ്വയംസന്നദ്ധരായ ഒരുകൂട്ടം ട്രോളന്‍മാരെ തേടി സി.പി.എം

Breaking Politics

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് പോരിന് ട്രോളുകളുടെ സാധ്യതയെ ഉപയോഗപ്പെടുത്താന്‍ ഒരുങ്ങുകയാണ് സിപിഎം. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ ട്രോളന്മാരെ തേടുകയാണ് സിപിഎം. ഇതു സംബന്ധിക്കുന്ന കുറിപ്പ് സിപിഎമ്മിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് പങ്കുവെച്ചിരിക്കുന്നത്.
‘പറഞ്ഞാലും പറഞ്ഞാലും തീരാത്ത വികസന പ്രവര്‍ത്തനങ്ങളുടെ ഒരു ചരിത്രമുണ്ട് കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കേരളത്തിന് പറയാന്‍. ഒരു ഭാഗത്ത് ഹൈടെക്കായ സ്‌കൂളുകളാണെങ്കില്‍ മറുഭാഗത്ത് പുത്തന്‍ പാലങ്ങളാണ്. മറ്റൊരു ഭാഗത്ത് ആരോഗ്യമേഖലയുടെ അത്ഭുതാവഹമായ വികസനമാണ്. തടസ്സമില്ലാതെ നിരന്തരം നടന്ന ക്ഷേമപ്രവര്‍ത്തങ്ങള്‍ വേറെയും. എന്തില്ലെന്ന് ചോദിക്കുമ്പോള്‍ റേഷനില്ലെന്ന് പറയുന്ന കാലത്തുനിന്ന് റേഷനും കിറ്റുമുണ്ട്, ഇല്ലാത്തത് പവര്‍കട്ടാണ് എന്ന് പറയുന്ന കാലത്തേക്ക് നാമെത്തിയിരിക്കുന്നു.’
‘കേരളത്തിലെ ഈ വികസനങ്ങളൊക്കെ ലളിതവും സരളവുമായി ജനങ്ങളിലേക്കെത്തിക്കുന്നതില്‍ ട്രോളന്മാരും മുന്നില്‍തന്നെയുണ്ട്.
അനുദിനം വികസന പ്രവര്‍ത്തനങ്ങള്‍ വന്നുകൊണ്ടിരിക്കെ അതിനെയൊക്കെ മറച്ചുവെക്കുന്ന വാര്‍ത്താ പ്രചാരണങ്ങള്‍ക്കെതിരെ, ശൂന്യതയില്‍ നിന്ന് വ്യാജവാര്‍ത്തകളെഴുതുന്ന മാധ്യമങ്ങള്‍ക്കെതിരെ ആക്ഷേപഹാസ്യത്തിന്റെ മൂര്‍ച്ചയുള്ള ട്രോളുമായി വരുന്ന ട്രോളന്മാരുടെ കൂട്ടായ്മ തീര്‍ച്ചയായും ഈ തെരഞ്ഞെടുപ്പ് കാലത്ത് ഒരു മുതല്‍കൂട്ടായിരിക്കും. ഒരു ട്രോള്‍ കൂട്ടായ്മ ഉണ്ടാക്കുന്നതിന്റെ ഭാഗമായി സ്വയംസന്നദ്ധരായ ഒരുകൂട്ടം ട്രോളന്‍മാരെ ഞങ്ങള്‍ തേടുകയാണ്.’ സിപിഎം കുറിപ്പില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *